ഇസ്‌ലാമാബാദ്: പാക്ക് താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്‌രികെ താലിബാന്‍ പാക്കിസ്ഥാന്‍ രണ്ടായി പിരിഞ്ഞു.

ഫസല്‍ സഈദ് ഹഖ്വാനി തെഹ്‌രികെ താലിബാന്‍ പാക്കിസ്ഥാനില്‍നിന്നും പിരിഞ്ഞ് തെഹ്‌രികെ താലിബാന്‍ ഇസ്‌ലാമി എന്ന സംഘടന രൂപീകരിച്ചതായി ജിയോ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനങ്ങള്‍ക്കും പള്ളികള്‍ക്കുമെതിരെ സംഘടന നടത്തുന്ന ചാവേറാക്രമണങ്ങളോടുള്ള വിയോജിപ്പാണ് തന്നെ സംഘടനാരൂപീകരണത്തിന് പ്രേരിപ്പിച്ചതെന്ന് ഫസല്‍ പറഞ്ഞു.

സംഘടനയുടെ തുടക്കത്തില്‍ ഇദ്ദേഹം ആളുകളെ തട്ടിക്കൊണ്ടുപോകുകയും പരിശീലന ക്യാമ്പുകളില്‍ തടവിലാക്കുകയും ചെയ്തിരുന്നു. മോചനദ്രവ്യം ലഭിച്ചതിനുശേഷം അവരെ വിട്ടയക്കുകയോ കൊന്നുകളയുകയോ ചെയ്യാറാണ് പതിവെന്ന് ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക്കിസ്ഥാന്‍ ഭരണകൂടവും സുരക്ഷാസേനയും നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ഹകീമുള്ള മെഹസൂദിന്റെ നേതൃത്വത്തിലുള്ള തെഹ്‌രികെ താലിബാന്‍ പാക്കിസ്ഥാനില്‍നിന്നും ഫസല്‍ പിരിഞ്ഞുപോന്നതെന്നും സൂചനയുണ്ട്.

എന്നാല്‍ സംഭവത്തിനോട് തെഹ്‌രികെ താലിബാന്‍ പാക്കിസ്ഥാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.