ന്യൂദല്‍ഹി: അനധികൃതമായി വിദേശ കറന്‍സി കൈവശം വച്ചതിന് അറസ്റ്റിലായ പ്രശസ്ത പാക് ഗായകന്‍ റാഹത്ത് അലിഖാനെ വിട്ടയച്ചു. ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് തിങ്കളാഴ്ച പുലര്‍ച്ചെ ദല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

പുറത്തുവിട്ടെങ്കിലും ഇന്ത്യയില്‍ നിന്ന് പുറത്തുപോകാനുള്ള അനുമതി റാഹത്തിന് നല്‍കിയിട്ടില്ല. അന്വേഷണം അവസാനിക്കുന്നതുവരെ ഇന്ത്യയില്‍ തന്നെ താമസിക്കണമെന്നാണ് റാഹത്തിന് നല്‍കിയ നിര്‍ദേശം.

ഗായകനെ കസ്റ്റഡിയിലെടുത്തതിനെതിരെ പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് തന്നെ രംഗത്തെത്തിയിരുന്നു. റാഹത്തിനെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഷാഹിദ് മാലികിനോട് റഹ്മാന്‍ മാലിക് ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു.

ഞാറാഴ്ച രാത്രി ദല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് റാഹത്ത് അലി ഖാനെ കസ്റ്റഡിയിലെടുത്തത്. കണക്കില്‍പ്പെടാതെ 1.24ലക്ഷം യു.എസ് ഡോളര്‍ കൈവശം വച്ചതിനാലായിരുന്നു ഇത്. അദ്ദേഹത്തിന്റെ മാനേജര്‍ ചിത്രേഷ് ശ്രീവാസ്തവയെയും കസ്റ്റഡിയിലെടുത്തിരുന്നു. പരിശോധനാസമയത്ത് വിദേശ കറന്‍സികള്‍ കയ്യിലുള്ള കാര്യം കംസ്റ്റംസ് ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞിരുന്നില്ല.

പാക് സംഗീതചക്രവര്‍ത്തിയായി അറിയപ്പെടുന്ന ഉസ്താദ് നുസ്രത്ത് ഫത്തേഅലിഖാന്റെ അനന്തരവനാണ് ബോളിവുഡിലും പ്രശസ്തനായ റഹത്. ‘ഇഷ്‌കിയ’ എന്ന ചിത്രത്തിലെ ‘ദില്‍ തോ ബച്ചാ ഹെ’ എന്ന ഗാനത്തിലുടെ ഇക്കൊല്ലം ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.