റാവല്‍പിണ്ടി: പാകിസ്താന്‍ സൈനിക ആസ്ഥാനത്ത് തീവ്രവാദികള്‍ ബന്ദികളാക്കിയവരെ കമാന്റോ ഓപറേഷനിലൂടെ സൈന്യം മോചിപ്പിച്ചു. 22 ബന്ധികളെ രക്ഷപ്പെടുത്തിയതായി പാകിസ്ഥാന്‍ അധിതൃതര്‍ പറഞ്ഞു. മൂന്ന് ബന്ദികളും നാലു തീവ്രവാദികളും കൊല്ലപ്പെട്ടു. അവസാനത്തെ തീവ്രവാദിയും തങ്ങളുടെ പിടിയിലായിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അരമണിക്കൂര്‍ നീണ്ട കമാന്‍ന്റോ ഓപ്പറേഷനൊടുവില്‍ 22 ബന്ദികളെ രക്ഷപ്പെടുത്തിയത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ വെടിവെപ്പിന്റെയും സ്‌ഫോടനത്തിന്റെയും ശബ്ദങ്ങള്‍ പുറത്തേക്ക് കേള്‍ക്കായമായിരുന്നു. മൂന്ന് താലിബാന്‍ തീവ്രവാദികളെ ഇവിടെ നിന്ന് പിടികൂടിയതായാണ് റിപ്പോര്‍ട്ട്. സൈനിക ആസ്ഥാനത്തിനു സമീപത്തുള്ള കെട്ടിടത്തിലാണ് 25 സുരക്ഷാ ഉദ്യോഗസ്ഥരെ ഭീകരര്‍ ബന്ദികളാക്കിയത്. സ്‌ഫോടക വസ്തുക്കളുള്‍ക്കൊള്ളുന്ന ജാക്കറ്റുകള്‍ ധരിച്ച് തീവ്രവാദികള്‍ക്കൊപ്പമായിരുന്നു ബന്ദികളെ നിര്‍ത്തിയിരുന്നത്. എന്നാല്‍ തീവ്രവാദികള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പ് സൈന്യം അവരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്ന് മേജര്‍ ജനറല്‍ അത്തര്‍ അബ്ബാസ് വ്യക്തമാക്കി. തീവ്രവാദികളുടെ വെടിവെപ്പിലാണ് മൂന്ന് ബന്ദികള്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

അത്യാധുനിക തോക്കുകളും ഗ്രനേഡുകളുമായി ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 11.30 ഓടെയാണ് സൈനിക ആസ്ഥാനത്തെത്തിയ ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചിലരെ ബന്ദികളാക്കുകയും ചെയ്തത്. സൈനികവേഷത്തിലാണ് ഭീകരര്‍ സേനാ ആസ്ഥാനത്ത് പ്രവേശിച്ചത്. അക്രമണത്തില്‍ ആറു സൈനികരും നാലു ഭീകരരും ഒരു സാധാരണ പൗരനും കൊല്ലപ്പെട്ടിരുന്നു.

പാകിസ്താന്റെ പിടിയിലുള്ള ചില തീവ്രവാദികളെ വിട്ടയക്കണമെന്നായിരുന്നു അക്രമികളുടെ ആവശ്യം. ആക്രമണത്തിന്‍െ ഉത്തരവാദിത്വം തെഹരിക് ഇ താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. പെഷവാര്‍ നഗരത്തില്‍ 52 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സേ്ഫാടനത്തിനു പിന്നാലെയാണ് അതിസുരക്ഷാ മേഖലയായ സൈനിക ആസ്ഥാനത്തെ ഭീകരാക്രമണം നടന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാമാബാദിലെ യു.എന്‍. ആസ്ഥാനത്ത് നടന്ന ചാവേര്‍ ആക്രമണത്തില്‍ അഞ്ച് യു.എന്‍.ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.

പാക് താലിബാന്‍ തലവന്‍ ബെയ്ത്തുള്ള മെഹ്‌സൂദ് അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടശേഷം പുതതിയ നേതാക്കള്‍ അധികാരത്തിലേറിയ ശേഷമാണ് താലിബാന്‍ ശക്തമായ ആക്രമണവുമായി രംഗത്ത് വന്നത്. മെഹ്‌സൂദ് കൊല്ലപ്പെട്ടാലും സംഘടനയുടെ ശക്തി തകരില്ലെന്ന സന്ദേശമാണ് പുതിയ ആക്രമണത്തിലൂടെ താലിബാന്‍ നല്‍കുന്നതെന്നാണ് സൂചന. ബെയ്ത്തുള്ളയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പുതിയ തലവന്‍ ഹക്കിമുള്ള പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. തെക്കന്‍ വസീരിസ്താനിലെ ഗോത്രമേഖലയില്‍ കഴിഞ്ഞ ജൂണില്‍ ആരംഭിച്ച തീവ്രവാദിവേട്ട കൂടുതല്‍ ശക്തിപ്പെടുത്താന്‍ പാക് സൈന്യം തീരുമാനിച്ചിട്ടുണ്ട്.