ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി പങ്കെടുത്ത റാലിയില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട രണ്ടു തീവ്രവാദികളെ പോലീസ് അറസ്റ്റുചെയ്തു. സുഖുര്‍ ജില്ലയില്‍ ഇന്നലെ ഗീലാനി പങ്കെടുത്ത റാലിയില്‍ സ്‌ഫോടനം നടത്താനായാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്.

സ്‌ഫോടന ശ്രമത്തെ കുറിച്ചു പ്രത്യേക വിവരം ലഭിച്ച പൊലീസ് നടത്തിയ തിരച്ചിലില്‍ സ്‌ഫോടക വസ്തുക്കളുടെ ശേഖരം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തീവ്രവാദികളെ പിടികൂടിയത്. പാര്‍ലമെന്റിനു സമീപത്തടക്കം തന്ത്രപ്രധാനമേഖലകളിലും സ്‌ഫോടനം നടത്താനും തീവ്രവാദികള്‍ക്ക് പങ്കുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ 44-ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചായിരുന്നു റാലി സംഘടിപ്പിച്ചത്.