ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പോലീസ് നല്‍കിയ പത്രപരസ്യത്തില്‍ ഇന്ത്യയിലെ പഞ്ചാബ് പോലീസിന്റെ ചിഹ്നം. തീവ്രവാദവും അക്രമങ്ങളും തടയാന്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും പോലീസിനോടു സഹകരിക്കണമെന്നും ആവശ്യപ്പെടുന്ന പത്രപരസ്യത്തിലാണ് അബദ്ധം സംഭവിച്ചത്. പ്രമുഖ ഇംഗ്ലീഷ്, ഉറുദു പത്രങ്ങളുടെ മുന്‍ പേജിലായിരുന്നു പരസ്യം നല്‍കിയത്.

സംഭവത്തില്‍ വന്‍ വിവാദമാണ് പാകിസ്ഥാനിലുയര്‍ന്നത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പരസ്യം അച്ചടിച്ച കമ്പനിക്കു മേല്‍ പഴിചാരിയ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പൊതുജനങ്ങളോടും പോലീസിനോടും മാപ്പു ചോദിച്ചു. രണ്ടു മുദ്രകളും തമ്മില്‍ ഏറെ സാമ്യമുള്ളതിനാലാണു തെറ്റു പറ്റിയതെന്നു പാക് പോലീസ് പറഞ്ഞു. കഴിഞ്ഞ ഇന്ത്യന്‍ സര്‍ക്കാരിന്റെ പരസ്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും പാക്കിസ്ഥാന്‍ വ്യോമസേന മേധാവി തന്‍വീര്‍ മഹ്മൂദ് അഹ്മദിന്റെയും ചിത്രങ്ങള്‍ ഒരുമിച്ച് അച്ചടിച്ചു വന്നത് വിവാദമായിരുന്നു.