എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാന് അമേരിക്ക ശത്രു രാജ്യം!
എഡിറ്റര്‍
Thursday 28th June 2012 4:24pm

വാഷിംഗ്ടണ്‍: പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം ഏതുരീതിയിലാണെന്നത് എല്ലാവര്‍ക്കും സംശയമുള്ള കാര്യമാണ്. ഇണങ്ങിയും പിണങ്ങിയും അതങ്ങനെ പോകുന്നു എന്ന് മാത്രമേ എല്ലാവര്‍ക്കുമറിയുകയുള്ളൂ. പക്ഷേ പാക്കിസ്ഥാനിലെ ജനങ്ങള്‍ അമേരിക്കയെ എങ്ങനെ കാണുന്നു എന്നത് ഏതാണ്ട് വ്യക്തമായി.

പാക്കിസ്ഥാനിലെ 74 ശതമാനം ജനങ്ങളും അമേരിക്കയെ ശത്രു രാജ്യമായാണ് കാണുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്യു ഗ്ലോബല്‍  ആറ്റിറ്റിയൂഡ്‌സ് തയാറാക്കിയ ഏറ്റവും പുതിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ 69 ശതമാനം ജനങ്ങളായിരുന്നു അമേരിക്കയെ ശത്രുരാജ്യമായി കണ്ടിരുന്നത്.

അമേരിക്കയോടുള്ള എതിര്‍പ്പ് പാക്കിസ്ഥാനില്‍ കൂടിവരുന്നതായാണ് പുതിയ പഠനം നല്‍കുന്ന സൂചന. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയോടുള്ള പാക് ജനതയുടെ വികാരം കൂടിയാണ് റിപ്പോര്‍ട്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനേക്കാള്‍ മോശം നേതാവായാണ് പാക് ജനത ഒബാമയെ കാണുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പാക് അതിര്‍ത്തിയിലെ ഗോത്ര മേഖലകളില്‍ യുഎസ് നടത്തുന്ന ഭീകരവേട്ടയ്ക്കിടെ പാക് സ്വദേശികള്‍ കൊല്ലപ്പെടുന്നതും യുഎസ് വിരുദ്ധ തരംഗം ആളിക്കത്താന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.  തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന്റെ ഫലമായി പാക്കിസ്ഥാനിലൂടെയുള്ള നാറ്റോ പാത സര്‍ക്കാര്‍ അടച്ചിരുന്നു.

Advertisement