Categories

‘ ഇന്ത്യന്‍ സൈന്യത്തിനെതിരെ കേരള കമ്മ്യൂണിസ്റ്റ് നേതാവ്’; കോടിയേരിയുടെ പരാമര്‍ശം വാര്‍ത്തയാക്കി ആഘോഷിച്ച് പാക്ക് മാധ്യമങ്ങള്‍

ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വാര്‍ത്ത നല്‍കി പാക്ക് മാധ്യമങ്ങള്‍. പട്ടാളത്തിന് എതു സ്ത്രീയേയും മാനഭംഗപ്പെടുത്താമെന്നും നാലാള്‍ കൂടിയാല്‍ വെടിവച്ചുകൊല്ലാമെന്നും കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവ് പ്രസംഗിച്ചെന്നാണ് പാക് മാധ്യമമായ ദി എക്‌സ്പ്രസ് ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന തരത്തിലാണ് കോടിയേരിയുടെ അഭിപ്രായപ്രകടനം പാക്ക് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. കോടിയേരിയുടെ ചിത്രം സഹിതം വിശദമായും വളരെ പ്രധാന്യത്തോടെയുമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും ഈ റിപ്പോര്‍ട്ട് പ്രചരിക്കുന്നുമുണ്ട്. ഇന്ത്യയെക്കുറിച്ചും പട്ടാളത്തെക്കുറിച്ചും സത്യസന്ധമായ അഭിപ്രായമാണ് കോടിയേരി നടത്തിയതെന്നു പ്രതികരിച്ചവരുമുണ്ട്.


Also Read: ‘ബീഫ് ഞങ്ങളുടെ വികാരമാടോ, പറ്റുമെങ്കില്‍ തടയ്’; കണ്ണൂരില്‍ പോത്തിനെയറക്കുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദല്‍ഹിയിലെ ബി.ജെ.പി വാളില്‍ കലിതുള്ളി മലയാളികള്‍


അതേസമയം, ഇന്ത്യന്‍ സേനയെ താന്‍ അപമാനിച്ചു എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നുണപ്രചരണമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. സൈന്യത്തെയല്ല മറിച്ച് ‘അഫ്സ്പ’ കേരളത്തിലും നടപ്പിലാക്കണമെന്ന ആര്‍.എസ്.എസ് നിലപാടിനെയാണ് താന്‍ എതിര്‍ത്തതെന്നും കോടിയേരി പറഞ്ഞു.

‘കാശ്മീരിലും നാഗാലാന്‍ഡിലും മണിപ്പൂരിലും പ്രയോഗിക്കുന്ന പട്ടാളനിയമമായ ‘അഫ്സ്പ’ കേരളത്തിലും നടപ്പിലാക്കണമെന്ന് വാദിക്കുന്ന ആര്‍.എസ്.എസ് നിലപാടിനെയാണ് താന്‍ എതിര്‍ത്തത്. കണ്ണൂരില്‍ അത്തരം കരിനിയമം പ്രയോഗിക്കേണ്ട ഒരാവശ്യവുമില്ല. ‘അഫ്സ്പ’യെ എതിര്‍ത്താല്‍ സൈന്യത്തെ എതിര്‍ക്കലാണ് എന്ന വ്യാഖ്യാനം സംഘപരിവാര്‍ ഗൂഡാലോചനയുടെ ഉല്‍പ്പന്നമാണ്’ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.


Don’t Miss: ‘ ജീവിതത്തിലും ‘ഉന്നം’ പിഴയ്ക്കാതെ അയിഷ’; സഹോദരനെ രക്ഷിക്കാന്‍ അക്രമികളെ വെടിവെച്ചിട്ട് ദേശീയ ഷൂട്ടിംഗ് താരം


ഇന്നലെയായിരുന്നു കോടിയേരി കണ്ണൂരില്‍ ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച് സംസാരിച്ചു എന്ന വാര്‍ത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നത്. ചില മാധ്യമങ്ങളും സമാനമായ രീതിയില്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ‘ന്യൂനപക്ഷ സാംസ്‌കാരിക സമിതികളുടെ ജില്ലാ കോ ഓഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച ‘മുഖ്യധാരാ രാഷ്ട്രീയവും മുസ്ലിം ന്യൂനപക്ഷങ്ങളും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ നടത്തിയ പ്രസംഗത്തിലെ ചില വരികള്‍ അടര്‍ത്തിയെടുത്താണ് ചില മാധ്യമങ്ങളും സംഘപരിവാര്‍ പ്രവര്‍ത്തകരും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതെന്ന് കോടിയേരി പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ബി.ജെ.പി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒരു വ്യാജവീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ച്, സി.പി.ഐ.എം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദ പ്രകടനമെന്ന് ആരോപിച്ച് പ്രചരിപ്പിച്ചിരുന്നെന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആ നുണപ്രചരണം ഏറ്റെടുത്ത് പൊലിപ്പിച്ചെന്നും പറഞ്ഞ കോടിയേരി നിയമ നടപടിയുണ്ടാവുന്ന ഘട്ടമായപ്പോള്‍ കുമ്മനം രാജശേഖരന്‍ പ്രസ്തുത ആരോപണത്തില്‍ നിന്ന് പിന്‍മാറുകായിരുന്നെന്നും ചൂണ്ടിക്കാട്ടി.


Musr Read: ‘വല്ല്യേട്ടന്‍ പോണെങ്കില്‍ പോട്ടെ, അതിലും ‘വലിയ’ ഏട്ടന്‍ വരുന്നു’; ലിവര്‍പൂള്‍ ഇതിഹാസതാരം ഐ.എസ്.എല്ലിലേക്ക്; കുയറ്റിനെ ചാക്കിലാക്കാന്‍ ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സും


അതുപോലെയാണ് ചില മാധ്യമങ്ങളുടെ സഹകരണത്തോടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തുന്ന ഈ പ്രചരണമെന്നും കോടിയേരി പറഞ്ഞു. ‘പച്ചക്കള്ളമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പടച്ചുവിടുന്നത്. ഇത് ആര്‍.എസ്.എസ് രീതിശാസ്ത്രമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.