ലണ്ടന്‍: ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളെ ഇന്ന് വിചാരണ ചെയ്യും. പാക് ക്രിക്കറ്റ് താരങ്ങളായ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ഭട്ട്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ് എന്നിവരെയാണ് ചോദ്യം ചെയ്യുക. കേസ് നടക്കുന്ന ഇംഗ്ലണ്ടിലെ സൗത്ത്‌വര്‍ക്ക് ക്രൗണ്‍ കോര്‍ട്ടിലാണ് ഇവരെ വിചാരണ ചെയ്യുക.

കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് മത്സരത്തില്‍ ഇവര്‍ ഒത്തുകളി നടത്തിയതുമായി ബന്ധപ്പെട്ടാണ് വിചാരണ. വഞ്ചനാക്കുറ്റം ഉള്‍പ്പെടെ ഏഴ് വര്‍ഷംവരെ തടവും ലഭിക്കാവുന്ന കുറ്റങ്ങളാണ് താരങ്ങളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഏജന്റായ മസ്ഹര്‍ മജീദിനെയും കളിക്കാരോടൊപ്പം വിചാരണ ചെയ്യും.

റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലായിരുന്ന ന്യൂസ് ഒഫ് ദ വേള്‍ഡ് പത്രമാണ് ഇംഗ്ലണ്ട്-പാകിസ്ഥാന്‍ മത്സരത്തില്‍ ഒത്തുകളി നടന്നതായി ആദ്യം ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ഐ.സി.സി സല്‍മാന്‍ ബട്ടിനെ പത്തുവര്‍ഷത്തേക്കും ആസിഫിനെ ഏഴ് വര്‍ഷത്തേക്കും ആമിറിനെ അഞ്ച് വര്‍ഷത്തേക്കും വിലക്കുകയും ചെയ്തു.