ലഹോര്‍: രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പാക് കോടതി മുന്‍സൈനിക മേധാവി പര്‍വേസ് മുഷറഫിന് നോട്ടീസ് അയച്ചു. ലഹോര്‍ ഹൈക്കോടതിയിലെ സിംഗിള്‍ബെഞ്ച് ജഡ്ജാണ് മുഷറഫിന് നോട്ടീസയച്ചിരിക്കുന്നത്.

2007ല്‍ മുഷറഫ് പാക്കിസ്താനില്‍ നടപ്പാക്കിയ അടിയന്തിരാവസ്ഥ രാജ്യദ്രോഹപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ പരാതി സമര്‍പ്പിച്ചിട്ടുള്ളത്. ഇംഗ്ലണ്ടില്‍ മുഷറഫിന്റെ വാസസ്ഥലത്തിന്റെ പോസ്റ്റല്‍നമ്പര്‍ പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

മുഷറഫിനെതിരേ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനോട് നിര്‍ദ്ദേശിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ പാക്കിസ്താന്‍ വിട്ട മുഷ്‌റഫ് ലണ്ടനിലാണ് കഴിയുന്നത്.