ഇസ്‌ലാമാബാദ്: കസ്റ്റഡിയിലെടുത്ത ഹെലികോപ്റ്ററിനെയും സൈനികരെയും പാകിസ്ഥാന്‍ വിട്ടയച്ചു. പാകിസ്ഥാന്‍ സൈനിക വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈനികരെ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.

സംഭവം മനപൂര്‍വ്വമായിരുന്നില്ലെന്ന് ബോധ്യപ്പെട്ടതായി പാകിസ്ഥാന്‍ വ്യക്തമാക്കി. അറ്റകുറ്റപ്പണിക്കുവേണ്ടി ലേയില്‍ നിന്ന് മദ്രാസിലേക്ക് പോവുകയായിരുന്ന കരസേനയുടെ ചീറ്റാ ഹെലിക്കോപ്റ്റര്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് അതിര്‍ത്ത് ലംഘിച്ച പാകിസ്ഥാനില്‍ കടക്കുകയായിരുന്നു. അതിര്‍ത്തി ലംഘിക്കപ്പെട്ടപ്പോള്‍ പാക് സൈന്യം ഹെലികോപ്റ്റര്‍ പാകിസ്ഥാനില്‍ ഇറക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

ഹെലിക്കോപ്റ്ററില്‍ മൂന്നു സൈനികരും ഒരു ജീവനക്കാരനുമാണ് ഉണ്ടായിരുന്നത്. വടക്കന്‍ പാകിസ്ഥാനിലെ സ്‌കര്‍ദു നഗരത്തിന് സമീപമാണ് ഹെലിക്കോപ്റ്റര്‍ ഇറക്കിയിരുന്നത്.