ഇസ്‌ലാമാബാദ്: മോശം കാലാവസ്ഥയെത്തുടര്‍ന്ന് അതിര്‍ത്ത് ലംഘിച്ച ഇന്ത്യന്‍ ഹെലികോപ്റ്റര്‍ നിര്‍ബന്ധിച്ച് പാകിസ്ഥാനില്‍ ഇറക്കിച്ചു. ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്ന മൂന്നു സൈനികരെയും ഒരു ജീവനക്കാരനെയും പാകിസ്ഥാന്‍ സൈന്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

വടക്കന്‍ പാകിസ്ഥാനിലെ സ്‌കര്‍ദു നഗരത്തിന് സമീപമാണ് ഹെലിക്കോപ്റ്റര്‍ ഇറക്കിയത്. അറ്റകുറ്റപ്പണിക്കുവേണ്ടി ലേയില്‍ നിന്ന് മദ്രാസിലേക്ക് പോവുകയായിരുന്നു കരസേനയുടെ ചീറ്റാ ഹെലിക്കോപ്റ്റര്‍. അതിര്‍ത്തി ലംഘിക്കപ്പെട്ടപ്പോള്‍ പാക് സൈന്യം ഹെലികോപ്റ്റര്‍ പാകിസ്ഥാനില്‍ ഇറക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

മനപൂര്‍വ്വം കടന്നതല്ലെന്നും മോശം കാലാവസ്ഥയെത്തുടര്‍ന്ന് അബദ്ധത്തില്‍ പാക് അതിര്‍ത്തി കടക്കുകയായിരുന്നുവെന്നും ഇന്ത്യന്‍ സൈനികര്‍ പാക് അധികൃതരെ അറിയിച്ചു. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ സൈനികര്‍ സുരക്ഷിതരാണെന്ന് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അത്താര്‍ അബ്ബാസ് പറഞ്ഞു. ഇന്ത്യയെ വിവരം അറിയിച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.