with video ഇസ്‌ലാമാബാദ്: പാകിസ്താനില്‍ വിവിധയിടങ്ങളിലുണ്ടാ സ്‌ഫോടനങ്ങളില്‍ 21 പേര്‍ മരിച്ചു. പാക് അഫ്ഗാന്‍ അതിര്‍ത്തിയില്‍ മൈന്‍ പൊട്ടിത്തെറിച്ച് മിനിബസില്‍ സഞ്ചരിക്കുകയായിരുന്ന വിവാഹ സംഘത്തില്‍പ്പെട്ട 15 പേര്‍ മരിച്ചു. സൈനിക ടാങ്കുകള്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന മൈനാണ് പൊട്ടിത്തെറിച്ചത്. മൊഹ്മാന്‍ഡിലെ സൊറാന്‍ഡാറാ പ്രദേശത്ത് ബെയ്‌സായി തെഹ്‌സിലിലാണ് പൊട്ടിത്തെറിയുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കൊപ്പെട്ടവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും ഗനാനായ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

നേരത്തെ കമ്രയില്‍ സൈനിക ചെക്‌പോസ്റ്റിനടുത്തുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവശ്യയിലെ വ്യോമസേനാ ഓഫീസിന് പുറത്തെ ചെക്ക്‌പോസ്റ്റിലാണ് സ്‌ഫോടനം നടന്നത്.

വെള്ളിയാഴ്ച രാവിലെ സുരക്ഷാ സൈനികര്‍ പരിശോധന നടത്തുന്നതിനിടെ ആയിരുന്നു സ്‌ഫോടനം. ആക്രമണത്തിനു പിന്നില്‍ പാക് താലിബാന്‍ ആണെന്ന് കരുതുന്നു. സ്‌ഫോടനത്തിനു പിന്നാലെ പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഉച്ചയോടെ പെഷവാറില്‍ നടന്ന സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഭക്ഷണശാലയിലാണ് സ്‌ഫോടനം നടന്നത്.