pak-flag

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും അഫ്ഗാന്‍ അതിര്‍ത്തിയില്‍ താലിബാന് ഇന്ത്യന്‍ സഹായം ലഭിക്കുന്നുണ്ടെന്നും പാകിസ്താന്‍ ആരോപണം. ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് പറഞ്ഞു.

ബലൂചിസ്താനില്‍ കുഴപ്പങ്ങളുണ്ടാക്കുന്നത് ഇന്ത്യയാണെന്ന് നേരത്തെ പാകിസ്ഥാന്‍ കുറ്റപ്പെടുത്തിയിരുന്നു. പൂര്‍ണ ബോധ്യത്തോടെയാണ് ഇതു പറയുന്നതെന്നും ഇതുസംബന്ധിച്ച് ഇന്ത്യന്‍ ആഭ്യന്തരമന്ത്രിയുമായി സംവാദത്തിനു തയ്യാറാണെന്നും ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് ടെലിവിഷന്‍ അഭിമുഖത്തില്‍ വെല്ലുവിളിച്ചു.

പാകിസ്താന്‍ സ്ഥിരത കൈവരിക്കരുത് എന്നാഗ്രഹിക്കുന്ന ശത്രുക്കളാണ് താലിബാനെ സഹായിക്കുന്നതെന്ന് മാലിക് പറഞ്ഞു. ഈ ശത്രുക്കളുടെ കൂട്ടത്തില്‍ ഇന്ത്യയുണ്ടോ എന്നു ചോദിച്ചപ്പോള്‍, ”തീര്‍ച്ചയായും” എന്നായിരുന്നു മറുപടി. ”എനിക്ക് ഇക്കാര്യത്തില്‍ സംശയമില്ല. ഞാന്‍ തുറന്നു പറയുകയാണ്. എല്ലാ വിശദാംശങ്ങളും എന്റെ കൈവശമുണ്ട്. ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയോ മറ്റാരെങ്കിലുമോ എതിര്‍പ്പുമായി വരികയാണെങ്കില്‍ നേരിടാന്‍ ഞാന്‍ തയ്യാറാണ്” മാലിക് പറഞ്ഞു.

അതേസമയം സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി ആവശ്യപ്പെട്ടു.