മുംബൈ: ക്യൂബിസ്റ്റ് ശൈലിയെ പിന്തുടര്‍ന്ന പ്രമുഖ ചിത്രകാരന്‍ ജഹാംഗീര്‍ സബാവാല (89) അന്തരിച്ചു. ചിത്രകലയിലെ ആധുനികതാ പ്രസ്ഥാനത്തിന്റെ ഇന്ത്യന്‍ വക്താക്കളില്‍ പ്രധാനിയായിരുന്ന സബാവാല മുംബൈയിലാണ് അന്തരിച്ചത്.

ഇരുളും വെളിച്ചവും ഇടകലര്‍ന്ന വിന്യാസരീതിയിലും ശൈലിയിലുമുള്ള നൂറുകണക്കിന് മനോഹര ചിത്രങ്ങള്‍ അദ്ദേഹം വരച്ചിട്ടുണ്ട്. വെനീസ്, വാഷിങ്ടണ്‍, പാരീസ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രശസ്ത മ്യൂസിയങ്ങളില്‍ ജഹാംഗീര്‍ സബാവാലയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലക്ഷങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വിറ്റഴിക്കപ്പെടാറുള്ളത്.

ആറ് പതിറ്റാണ്ട് കാലം വരകളിലും നിറങ്ങല്‍ലും മുഴുകി ജീവിച്ച ജഹാംഗീര്‍ 1922ല്‍ മുംബൈയിലാണ് ജനിച്ചത്. 1944 ല്‍ മുംബൈ ജെ. ജെ.ആര്‍ട് സ്‌കൂളില്‍ നിന്നാണ് ചിത്രകലാ പഠനം ആരംഭിച്ചത്. ലണ്ടനിലും പാരീസിലും ഉപരിപഠനം നടത്തിയിട്ടുണ്ട്. 1950കള്‍ മുതല്‍ക്കേ ലോകത്താകമാനം ചിത്ര പ്രദര്‍ശനങ്ങള്‍ ആരംഭിച്ചിരുന്നു. 1977 ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 1994 ല്‍ കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ദേശീയഅന്തര്‍ദേശീയ ബഹുമതികളും നേടിയിട്ടുണ്ട്.