ഹൈദരാബാദ്: ഒരു മുസ്ലീം പെണ്‍കുട്ടിയെ ദത്തെടുത്ത് വിവാദത്തിലായ പെയിന്ററെ പോലീസ് അറസ്റ്റ് ചെയ്തു. 2007 ആഗസ്റ്റില്‍ നടന്ന രണ്ട് സ്‌ഫോടനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ ദത്തെടുത്ത പാപ്പാലാലിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി മുസ്ലീം മതത്തില്‍ പെട്ടതായതുകൊണ്ട് ദത്തെടുക്കല്‍ വിവാദത്തിലാകുകയായിരുന്നു. ദത്തെടുക്കലിനെ എതിര്‍ത്തവരാണ് അറസ്റ്റിനു പിന്നിലെന്ന് പപ്പാലാലിന്റെ ഭാര്യ പറഞ്ഞു. അതേസമയം സഹോദരന്റെ ഭാര്യയെ മര്‍ദ്ദിച്ചതുകൊണ്ടാണ് പപ്പാലാലിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

സാനിയ ഫാത്തിമ എന്ന പെണ്‍കുട്ടിയെ ദത്തെടുത്തതുകൊണ്ട് തന്നെ ഹിന്ദുക്കളും മുസ്ലീങ്ങളും പീഢിപ്പിക്കുന്നു എന്ന് പറഞ്ഞ് പപ്പാലാല്‍ സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. ആരും തിരക്കി വരാത്തതിനെ തുടര്‍ന്ന് പപ്പാലാലും ഭാര്യ ജയശ്രീയും പെണ്‍കുട്ടിയെ ദത്തെടുക്കുകയായിരുന്നു.