ന്യൂദല്‍ഹി: ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളോട് വീടിന്റെ പുറംചുമരില്‍ ‘ ഞാന്‍ ദരിദ്രനാണ്’ എന്നു പെയിന്റ് ചെയ്ത് എഴുതാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ നിര്‍ദേശം.

സബ്‌സിഡി നിരക്കില്‍ അരിയും ധാന്യവും വാങ്ങുന്നവര്‍ വീടിന് പുറത്തായി ദരിദ്രരാണ് തങ്ങളെന്ന് എഴുതി വെക്കണമെന്നാണ് ലോക്കല്‍ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുപ്രകാരം ഏതാണ്ട് 50000 ത്തോളം വീടുകളുടെ പുറംചുമരുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ എത്തി ഇത്തരത്തില്‍ എഴുതിവെച്ചു കഴിഞ്ഞു. ഒരേ വീടിന് മുന്നില്‍ തന്നെ ഒന്നും രണ്ടും തവണ ഇത്തരത്തില്‍ എഴുതിവെച്ചിട്ടുണ്ട്.


dONT mISS വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്റ് ചെയ്തു


ഓരോ കുടുംബങ്ങളും സര്‍ക്കാര്‍ പദ്ധതി ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഇത്തരമൊരു ആശയമെന്നാണ് സര്‍ക്കാരിന്റെ വിചിത്രമായ ന്യായം.

സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളാണ് ബി.പി.എല്‍ കാറ്റഗറിയില്‍ പ്രധാനമായും ഉള്‍പ്പെട്ടിട്ടുള്ളത്. പട്ടികജാതി പട്ടികവര്‍ഗ ന്യൂനപക്ഷ വിഭാഗങ്ങളാണ് ഇവയിലേറെയും

’10 കി. ഗ്രാം ഗോതമ്പിന് വേണ്ടിയാണ് ഞങ്ങള്‍ ഇങ്ങനെ അപമാനിക്കപ്പെടുന്നത്. ഞങ്ങള്‍ക്ക് ഇപ്പോള്‍ തല ഉയര്‍ത്തിപ്പിടിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.’- പ്രദേശവാസിയായ ഒരാള്‍ പറയുന്നു. സര്‍ക്കാരിന്റെ സൗജന്യം ലഭിച്ചില്ലെങ്കിലും ഇത്തരമൊരു അപമാനം തങ്ങള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പലരും ഇത് പെയിന്റ് ചെയ് സ്റ്റിക്കര്‍ എടുത്തുമാറ്റിക്കഴിഞ്ഞു.

ഞാന്‍ ദരിദ്രനാണ് എന്ന് വീടിന്റെ ചുമരില്‍ എഴുതുന്ന ഓരോ കുടുംബത്തിനും 750 രൂപ വീതം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി.
‘ഇതൊരു രോഗമാണെന്ന് തോന്നുന്നു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സംസ്ഥാന ഗവണ്‍മെന്റ് അവര്‍ക്ക് റേഷന്‍ നല്‍കിയിട്ടുണ്ടെങ്കില്‍, അത് അവരുടെ നിയമാനുസൃതമായ അവകാശമാണ്, അല്ലാതെ ഗവണ്‍മെന്റില്‍ നിന്നുള്ള ഔദാര്യമല്ല.’ – തിവാരി പറഞ്ഞു.