മന്‍ഷി
painless-deliveryപേറ്റുനോവില്ലാതെ എന്ത് പ്രസവം. കേരളത്തില്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും പേറ്റുനോവെന്നത് സ്ത്രീയുടെ അസ്തിത്വത്തിന്റെ ഭാഗമാണ്. സ്ത്രീക്ക് മാത്രം അനുഭവിക്കാന്‍ അവകാശപ്പെട്ട വേദന. പേറ്റു നോവറിയാതെ പ്രസവിച്ചാല്‍ അമ്മയും കുഞ്ഞുമുള്ള ബന്ധത്തിന് വരെ കുറവുണ്ടാവുമെന്ന് ചിലര്‍ പറയും. പണ്ടൊക്കെ പേറെടുക്കാന്‍ വയറ്റാട്ടികളായിരുന്നു. ആശുപത്രികളില്‍ പോവാതെ സ്ത്രീ മുറിക്കുള്ളില്‍ വെച്ച് വേദനിച്ചു പ്രസവിച്ചു. അന്നൊക്കെ വേദന വന്ന് അങ്ങ് പ്രസവിക്കുമായിരുന്നു. ഇന്ന് മരുന്നും ചികിത്സയുമായി ഗര്‍ഭം ഒരു രോഗമായി. ഗര്‍ഭധാരണമുണ്ടായി ഒന്നാം മാസത്തില്‍ തന്നെ ഡോക്ടറുടെ ഗുളിക കിട്ടിയില്ലെങ്കില്‍ ബേജാറാണ്. സ്‌കാനിംങും ടെസ്റ്റുകളുമായി വേറെയും പരിപാടികള്‍. ഒടുവില്‍ കാത്തിരുന്ന് പ്രസവത്തീയതിയെത്തുമ്പാഴായിരിക്കും പെട്ടെന്ന് സംഗതി തകിടം മറിയുക. ഓപറേഷന്‍ വേണമെന്നും മറ്റും പറയും. ചില പെണ്ണുങ്ങള്‍ക്ക് ഓപറേഷനോടാണ് പോലും താല്‍പര്യം. പ്രസവ വേദന അറിയേണ്ട. അനസ്‌തേഷ്യ കുത്തിവെച്ചാല്‍ പിന്നെ എല്ലാം കഴിഞ്ഞശേഷമേ കുഞ്ഞിനെ കാണൂ. നടന്നതൊന്നും അപ്പോള്‍ അറിയില്ല. എന്നാല്‍ പിന്നീട് വിവരമറിയും.

ഓപറേഷനില്ലാതെ തന്നെ വേദനയറിയാതെ പ്രസവിക്കാനും ഇപ്പോള്‍ സൗകര്യമുണ്ട്. കേരളീയര്‍ക്കും ഈ സേവനം ലഭ്യമാക്കാന്‍ കണ്ണൂരിലെ ധനലക്ഷമി ആശുപത്രി ഒരുങ്ങിക്കഴിഞ്ഞു. ഓക്‌സിനോസ് ഗ്യാസ് ഉപയോഗിച്ചാണിത്. പ്രസവസമയത്തെ വേദനയില്ലാതാക്കാന്‍ ഉപയോഗിക്കുന്ന വേദനസംഹാരിയാണിത്. ഓക്‌സിജന്റെയും നൈട്രസ് ഓകൈ്‌സഡിന്റെയും തുല്യ അളവിലുള്ള മിശ്രിതമാണ് ഓക്‌സിനോസ് ഗ്യാസ്. പ്രസവ സമയത്ത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഈ ഗ്യാസ് ശ്വസിക്കാന്‍ കൊടുത്താല്‍ വേദനയില്ലാതെ പ്രസവം നടക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വേദനയില്ലാതെ പ്രസവിക്കാനുള്ള ഈ സംവിധാനം വിദേശങ്ങളില്‍ വ്യാപകമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇതിന് പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പറയുന്നത്. റിപ്പോര്‍ട്ടുകള്‍ വരാന്‍ കുറച്ച് കാലമെടുക്കും അതു വരെ പരമാവധി പ്രവസവിച്ചുകളയാം.