ഐടി മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ശരീര വേദനകള്‍ സാധാരണയാണ്. എന്നാല്‍ പലരും ഇതിനെ കാര്യമാക്കി എടുക്കാറില്ല. ഐടി ജോലിക്കാരില്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

ഐ.ടി മേഖലിയില്‍ ജോലിചെയ്യുന്ന പകുതി പേര്‍ക്കും കഴുത്ത് വേദന, നടുവേദന തുടങ്ങിയവയില്‍ എതെങ്കിലുമൊന്നുണ്ട്. ഇരുപതുശതമാനത്തില്‍ കൂടുതല്‍ പേരും ജോലി സംബന്ധമായ സമ്മര്‍ദ്ദവും അതുകാരണം വിട്ടുമാറാത്ത തലവേദനയും മൂലം വലയുകയാണ്.

വിവധ ഐടി കമ്പനികളില്‍ ജോലിചെയ്യുന്ന 23നും 36നും ഇടയില്‍ പ്രായമുള്ളവരിലാണ് സര്‍വ്വേ നടത്തിയതെന്ന് മിഷന്‍ ഹെല്‍ത്ത് ഡയറക്ടര്‍ ആലാപ് ഷാ പറയുന്നു. കൃത്യമായി പറഞ്ഞാല്‍ സര്‍വ്വേയില്‍ പങ്കെടുത്ത ആയിരം പേരില്‍ 46.15% പേര്‍ക്കും കഴുത്തുവേദനയുണ്ട്. ബാക്കിയുള്ളവര്‍ക്ക് അസഹ്യമായ നടുവേദനയുമാണ്.

തൊഴിലിന്റെ സ്വഭാവം ജീവിതത്തെ എത്രമോശമായി ബാധിക്കുന്നുവെന്നതിന് തെളിവാണ് റിപ്പോര്‍ട്ടെന്ന് ഷാ പറയുന്നു. മിക്ക പ്രൊഫഷണലുകളും ജോലിയ്ക്ക് ചേര്‍ന്നു കഴിഞ്ഞ് രണ്ടാമത്തെ വര്‍ഷം മുതല്‍ വിവിധതരം ശാരീരിക പ്രശ്‌നങ്ങള്‍ തുടങ്ങിയെന്നാണ് പറഞ്ഞത്. പലരും നടുവേദന, കഴുത്തുവേദന എന്നിവയ്ക്ക് ശസ്ത്രക്രിയ വരെ ചെയ്തിട്ടുമുണ്ടെന്നും സര്‍വ്വേയില്‍ വ്യക്തമായി.

കുറേ സമയം ഇരിക്കേണ്ടിവരുന്നതിനാലാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാവുന്നത്. അതിനാല്‍ ഇരിക്കുന്നരീതി ശരിയായാല്‍ തന്നെ പകുതി പ്രശ്‌നങ്ങള്‍ തീരും. ഇതോടൊപ്പം ശരിയായി വ്യായാവും ചെയ്യുക. വേദനമാറും.