തിരുവനന്തപുരം: മൂടിവെക്കാന്‍ ശ്രമിച്ച പല സത്യങ്ങളും മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവരുന്നുവെന്ന് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍. എന്നാല്‍ ചില മാധ്യമങ്ങള്‍ സത്യം മൂടിവെക്കാന്‍ ശ്രമിക്കുന്നുണ്ട്. പെയ്ഡ് ന്യൂസ് സമ്പ്രദായം മാധ്യമ മേഖലയില്‍ തഴച്ച് വളരുകയാണ്. മാധ്യമങ്ങളുടെ ജീര്‍ണ്ണത ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള കൗമുദിയുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യസന്ധതയും കൃത്യതയും വാര്‍ത്തകളില്‍ കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഉദ്ഘാടനം നടത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക് മാധ്യമപ്രവര്‍ത്തകരുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. മാറ്റങ്ങളുടെ വക്താക്കളാണ് മാധ്യമങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കേരള ഗവര്‍ണര്‍ ആര്‍.എസ് ഗവായ്, മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പ്രതിരോധമന്ത്രി എ.കെ. ആന്റണി, വ്യോമയാന മന്ത്രി വയലാര്‍ രവി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി,, സ്വാമി പ്രകാശാനന്ദ, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരള കൗമുദിയുടെ ടെലിവിഷന്‍ ചാനലായ ‘കൗമുദി’ യുടെ ലോഗോ മാനേജിങ് ഡയറക്ടര്‍ എം.സ്. രവിക്ക് നല്‍കി പ്രധാനമന്ത്രി പ്രകാശനം ചെയ്തു. എം.ഡി. ദിപു രവിസ്വാഗതവും ജോ. എം.ഡി അഞ്ജു ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു