ന്യൂദല്‍ഹി: മാധ്യമങ്ങള്‍ക്ക് പണം നല്‍കി തങ്ങള്‍ക്കനുകൂലമായ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 167 സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കാണ് കമ്മീഷന്‍ നോട്ടീസയച്ചത്.

ജനുവരി 30ന് തിരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലെ 129 സ്ഥാനാര്‍ത്ഥികള്‍ക്കും ഏഴാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉത്തര്‍പ്രദേശിലെ 38 സ്ഥാനാര്‍ത്ഥികള്‍ക്കുമാണ് നോട്ടീസയച്ചത്. എന്നാല്‍  ജനുവരി 28നും 30നുമായി മണിപ്പൂര്‍ ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുള്ള സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും പെയ്ഡ് ന്യൂസ് വിവാദവുമായി ബന്ധപ്പെട്ട്‌ നോട്ടീസ് ലഭിച്ചിട്ടില്ല.

പ്രദേശികഭാഷയിലുള്ള ചാനലുകളിലും പത്രങ്ങളും വന്ന വാര്‍ത്തകളാണ് നടപടിക്കാധാരം. എന്നാല്‍ ഇത് സംബന്ധിച്ച പരാതികള്‍ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. സ്ഥാനാര്‍ത്ഥികളുടെ അഭിപ്രായം കൂടി ആരാഞ്ഞശേഷമേ ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ നടപടികളുണ്ടാവൂ.

നോട്ടീസുകള്‍ സംസ്ഥാന സര്‍ക്കാര്‍ മുഖേന സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കും. പെയ്ഡ് ന്യൂസ് വിവാദവുമായി ബന്ധപ്പെട്ട് 2011ല്‍ ഉത്തര്‍പ്രദേശിലെ എം.എല്‍.എ ഉമലേഷ് യാദവിന്റെ സ്ഥാനാര്‍ത്ഥിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യമാക്കിയിരുന്നു.

കഴിഞ്ഞ കാലങ്ങളിലേതുമായി തട്ടിച്ചുനോക്കുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെയ്ഡ് ന്യൂസ് കുറഞ്ഞിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മെയിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് 41ഉം പശ്ചിമബംഗാളില്‍ നിന്ന് 23ഉം തമിഴ്‌നാട്ടില്‍ നിന്നും 147ഉം പോണ്ടിച്ചേരില്‍ നിന്നും 4ഉം പരാതികളാണ് ലഭിച്ചിരുന്നത്. ഈ പരാതികളില്‍മേല്‍ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ നവംബറില്‍ ബീഹാറില്‍ നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച 121 പരാതികളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

Malayalam News

Kerala News In English