ന്യൂദല്‍ഹി: ജപ്പാനെതിരായ നിര്‍ണായക ഡേവിസ് കപ്പ് വേള്‍ഡ് ഗ്രൂപ്പ് പ്ലെ ഓഫ് മത്സരത്തില്‍ ഇന്ത്യക്ക് സീനിയര്‍ ടെന്നീസ് താരം ലിയാണ്ടര്‍ പെയ്‌സിന്റെ സേവനം നഷ്ടമാവും. യു.എസ് ഓപ്പണിനിടെ പിടിപെട്ട പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് പെയ്‌സ് മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്.

റിസര്‍വ് പ്ലെയറായി വിഷ്ണു വര്‍ദ്ദനെ ആദ്യമേ ടീമിലുള്‍പ്പെടുത്തിയത് കൊണ്ട് പകരം ആരെയും ടീമിലുള്‍പ്പെടുത്തില്ല. പെയ്‌സിന്റെ അഭാവത്തില്‍ സിംഗിള്‍സ് മത്സരത്തിന് പുറമെ ഡബ്ബിള്‍സിലും രോഹന്‍ ബൊപ്പണ്ണ മത്സരിക്കേണ്ടി വരും. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ പരിക്ക് കാരണം പെയ്‌സ ഡേവിസ് കപ്പ് മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്.

കൈക്കുഴക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് നേരത്തെ മാര്‍ച്ചില്‍ സെര്‍ബിയക്കെതിരായ ലോക ഗ്രൂപ്പ് ആദ്യ റൗണ്ട് മത്സരത്തില്‍ നിന്ന് പെയ്‌സ് വിട്ട് നിന്നിരുന്നു. കഴിഞ്ഞ ആഴ്ച പരിക്കിനെ തുടര്‍ന്ന് യു.എസ് ഓപ്പണ്‍ മിക്‌സഡ് ഡബ്ബിള്‍സ് സെമിഫൈനലില്‍ നിന്ന് പെയ്‌സ് പിന്‍മാറിയിരുന്നു. റഷ്യയുടെ എലേന വെസ്‌നിനയുമൊത്താണ് പെയ്‌സ് മിക്‌സഡ് ഡബ്ബിള്‍സ് സെമിഫൈനലിലെത്തിയത്.

ദീര്‍ഘനാളത്തെ വേര്‍പിരിയലിന് ശേഷം ഈ വര്‍ഷമാദ്യമാണ് പെയ്‌സും ഭൂപതിയും വീണ്ടുമൊത്ത് ചേര്‍ന്നത്. ഡേവിസ് കപ്പില്‍ ഇരുവരും ഇന്ത്യക്കായി ഡബ്ബിള്‍സില്‍ മത്സരിക്കാനിരിക്കെയാണ് പരിക്ക് പെയ്‌സിന് വിലങ്ങായത്. ജപ്പാനെതിരായ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക്‌ പതിനാറ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ലോക ഗ്രൂപ്പിലേക്ക് മുന്നേറാം. കഴിഞ്ഞ മത്സരത്തില്‍ സെര്‍ബിയക്കെതിരായ 1-4ന് പരാജയപ്പെട്ടതാണ് ഇന്ത്യയെ പ്ലെ ഓഫ് സ്റ്റേജിലേക്ക് തള്ളിയിട്ടത്.