‘ഉദയനാണു താരം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സജിന്‍ രാഘവന്‍ സംവിധാനം ചെയ്യുന്ന പദ്മശ്രീ ഭരത് ഡോ സരോജ് കുമാര്‍ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ചിത്രത്തിലെ താരനിര കുറെയൊക്കെ ഈ സിനിമയിലും ഉണ്ട്. പ്രധാന വ്യത്യാസം ഉദയന്റെ റോള്‍ ചെയ്തിരുന്ന മോഹന്‍ലാല്‍ ഈ സിനിമയില്‍ ഇല്ല എന്നുള്ളതാണ്. പിന്നെ നായിക മീനയല്ല, മംമ്തയാണ്.

സിനിമതാരം നീലിമയെയാണ് മംമ്ത അവതരിപ്പിക്കുന്ന കഥാപാത്രം. സരോജ്കുമാറിന്റെ ഇടപെടല്‍ കൊണ്ട് സിനിമയില്‍ അവസരം കുറഞ്ഞു പോയ നീലിമയെ മികച്ച രീതിയില്‍ മംമ്ത ഉള്‍ക്കൊണ്ടിട്ടുണ്ട്. ശ്രീനിവാസന്റെ മകന്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്‌റിന്റെ വേഷത്തില്‍ ചിത്രത്തിലെത്തുന്നു. ജഗതിയുടെ പാച്ചാളം ഭാസി സരോജ്കുമാറിന്റെ ചിത്രങ്ങളുടെ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ പ്രമോഷന്‍ കിട്ടിയ കഥാപാത്രമാണ്. സരോജ്കുമാര്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനായ മുട്ടത്തറ ബാബു എന്ന സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രമാണ് സരോജിന്റെ പുതിയ പിഎ. സലീം കുമാറിന്റെ റഫീക്ക് ഭരത് റഫീക്കായിരിക്കുന്നു. ബേബിക്കുട്ടനും ചിത്രത്തില്‍ നിലനില്‍ക്കുന്നു.

Subscribe Us:

ഫഹദ് ഫാസില്‍, ശാരി, സോഫിയ, ദീപിക, എന്നിവരാണ് മറ്റ് താരങ്ങള്‍ വൈശാഖ് സിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന ചിത്രം വൈശാഖ് റിലീസ് തിയറ്ററുകളിലെത്തിക്കും. ഉദയനാണ് താരം സൂപ്പര്‍ ഹിറ്റാക്കിയ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് പുതിയ സരോജ് കുമാറിനെ കാത്തിരിക്കുന്നത്