ന്യൂദല്‍ഹി: തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ. ക്ഷേത്രത്തിലെ അറകള്‍ തുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ അടക്കമുള്ള സ്വത്തുക്കളുടെ കണക്കെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇതിനായി വിരമിച്ച രണ്ട് ഹൈക്കോടതി ജഡ്ജിമാരുടെ സമിതിയും രൂപീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന വിധിക്കെതിരേ ഉത്രാടം തിരുനാള്‍ മഹാരാജാവ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധിയുണ്ടായിരിക്കുന്നത്. പത്മാനാഭ സ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. ഇപ്പോള്‍ തിരുവിതാംകൂര്‍ രാജ്യമോ അതിനൊരു രാജാവോ ഇല്ല. അതിനാല്‍ ക്ഷേത്രവും സ്വത്തുക്കളും സര്‍ക്കാരിന്റെ കീഴിലാണ് നിലനില്‍ത്തേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ക്ഷേത്രഭരണത്തിനായി മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ക്ഷേത്രത്തിലെ നിലവറയിലെ സ്വത്തുക്കളുടെ കണക്കെടുക്കെണമെന്നും ഇതിനായി നിലവറയിലേക്ക് കൊണ്ടുപോകേണ്ടത് സത്യസന്ധരായ ഉദ്യോഗസ്ഥരെയാണെന്നും കോടതി നിര്‍ദേശിച്ചിരുന്നു.