യുനൈറ്റഡ് നാഷന്‍സ്: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ആര്‍ കെ പചൗരി അധ്യക്ഷനായ യു എന്‍ സമിതി 2007ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പുനപരിശോധിക്കാന്‍ തീരുമാനം. റിപ്പോര്‍ട്ടില്‍ അബദ്ധങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യു എന്‍ തീരുമാനം. ശാസ്ത്ര സംഘം റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി. ഹിമാലയന്‍ മഞ്ഞ് ഉരുകുന്നതുമായും നെതര്‍ലാന്‍ഡ് സമുദ്ര നിരപ്പില്‍ നിന്ന് താഴുന്നതുമായും ബന്ധപ്പെട്ട് റിപ്പോട്ടിലെ വാദങ്ങള്‍ പെരുപ്പിച്ചതാണെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു.

ആഗോള താപനം സംബന്ധിച്ച് 2007ലെ റിപ്പോര്‍ട്ട് ശരിയാണ്. എന്നാല്‍ അതിലെ കണക്കുകളില്‍ ചില പിഴവുകള്‍ പറ്റിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഇത്തരം റിപ്പോര്‍ട്ടില്‍ ചെറിയ അബദ്ധങ്ങള്‍ പോലും സംഭവിച്ച് കൂടാത്തതാണ്. ലോക ശാസ്ത്ര അക്കാദമിയിലെ ഒരു സംഘമായിരിക്കും റിപ്പോര്‍ട്ട് പരിശോധിക്കുക. വസ്തുനിഷ്ഠവും സ്വതന്ത്രവുമായി കാര്യങ്ങള്‍ പരിശോധിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടാകുമെന്നും ബാന്‍ കി മൂണ്‍ പഞ്ഞു.