രണ്ടാംവിള  നെല്‍കൃഷിയെക്കുറിച്ച് പാലക്കാട്ടെ കര്‍ഷകര്‍ ആശങ്കയില്‍. പറമ്പിക്കുളം ആളിയാര്‍ അണക്കെട്ടുകളില്‍ നിന്നുളള ജലലഭ്യതയിലെ അനിശ്ചിതത്വമാണ് കര്‍ഷകരെ വലയ്ക്കുന്നത്.

Ads By Google

ജലലഭ്യത ഉറപ്പായില്ലെങ്കില്‍ രണ്ടാംവിള നഷ്ടത്തിലാവുമെന്നാണ് ആശങ്ക. ഇത് പരിഹരിക്കാന്‍ നിലവിലെ ജലലഭ്യത കണക്കാക്കി കൃഷിയിറക്കും മുമ്പ് ജലക്രമീകരണ കലണ്ടര്‍ തയാറാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

ജലലഭ്യതയിലെ കുറവ് കണക്കിലെടുത്ത് മൂപ്പ് കുറഞ്ഞ വിത്ത് ഉപയോഗിക്കണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പാലിച്ചാലും വിള പാകമാകുന്ന ജനുവരി അവസാനം വരെയെങ്കിലും ജല ലഭ്യത ഉറപ്പാക്കാനായാലേ കൃഷിയിറക്കാനാകൂ.

തുലാവര്‍ഷം മോശമായാല്‍ രണ്ടാംവിള പകുതിയിലെത്തുന്ന ഡിസംബര്‍ പകുതിക്ക് ശേഷം ജലലഭ്യത കുറയാനുളള സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ കൃഷി പാതിയില്‍ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് കര്‍ഷകരുടെ ഭയം.

തമിഴ്‌നാടുമായുളള ധാരണപ്രകാരം ഡിസംബര്‍ രണ്ടാം വാരം വരെയുളള ജലലഭ്യതയാണ് ഉറപ്പായിരിക്കുന്നത്. തുലാവര്‍ഷത്തിന്റെ ലഭ്യതയനുസരിച്ചാകും പിന്നീട് കരാര്‍ പ്രകാരമുളള വെളളം നല്‍കുന്നത് സംബന്ധിച്ച് തീരുമാനിക്കുക.

രണ്ടാംവിളയ്ക്ക് മുന്നോടിയായി കൃഷി, ജലസേചന വകുപ്പുകളുടെ യോഗങ്ങള്‍ ചേര്‍ന്നെങ്കിലും ജലക്രമീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നില്ല.