ചെന്നൈ: ദളിത് വിദ്യാര്‍ത്ഥിനി അനിത ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്ത് സംവിധായകന്‍ പാ രഞ്ജിത്. അനിതയെ പോലുള്ള വിദ്യര്‍ത്ഥികള്‍ തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി കഠിനാദ്ധ്വാനം ചെയ്യുന്നവരാണ്. തങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് സാധിക്കും. പക്ഷെ അവരുടെ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ നീറ്റ് പോലുള്ളവ നിരന്തരം ആയുധമാക്കുകയാണ്.

ഐ.ഐ.ടി അടക്കം സാധാരണക്കാര്‍ക്ക് അപ്രാപ്യമായി. ഇപ്പോള്‍ മെഡിക്കല്‍ വിദ്യഭ്യാസരംഗത്തും ഇതു തന്നെ ആവര്‍ത്തിക്കുകയാണ്. ആര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും രഞ്ജിത് ചോദിച്ചു.

അരിയലൂരില്‍ അനിതയ്ക്ക് അന്ത്യോപചരമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു കബാലി സംവിധായകനായ പാ രഞ്ജിത്.


Read more: അനിതയുടേത് ഭരണകൂട കൊലപാതകം


അനിതയുടെ ആത്മഹത്യയില്‍ തമിഴ്‌നാട്ടിലെങ്ങും പ്രതിഷേധം ശക്തമാണ്. ചെന്നൈയില്‍ ബി.ജെ.പി ആസ്ഥാനത്തിന് സമീപം ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ച തമിഴ് സംഘടനയായ ‘മെയ് 17 മൂവ്‌മെന്റ്’ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദളിത് സംഘടനയായ വിടുതലൈ ചിരുതൈഗള്‍ കട്ചി പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെ മെഡിക്കല്‍കോളേജുകളിലെ പ്രവേശനത്തിന് ‘നീറ്റ് പരീക്ഷ’ മാനദണ്ഡമാക്കിയതിനെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നീറ്റ് പരീക്ഷക്ക് കോച്ചിങ്ങ് ക്ലാസ് ആവശ്യമാണെന്നും തങ്ങളെപ്പോലെ പാവപ്പെട്ട കുട്ടികള്‍ക്ക് അതിന് സാധ്യമാകില്ലെന്നും കോടതിയോട് അപേക്ഷിച്ചെങ്കിലും ആഗസ്ത് 22ന് സുപ്രീം കോടതി നീറ്റ് വേണമെന്ന് തന്നെ ഉത്തരവിടുകയായിരുന്നു.