അനുഭവം / പി.വി ഷാജികുമാര്‍

ചിത്രീകരണം:മജ്‌നി

മഴക്കാലത്ത് മാത്രം ഭ്രാന്തിളകുന്ന നാര്‍ക്കിളേട്ടന്‍ എന്ന ഒരാളുണ്ടായിരുന്നു കാലിച്ചാംപൊതി എന്ന എന്റെ നാട്ടില്‍. ജൂണ്‍ ഒന്നിന്  മഴ തുറക്കുമ്പോള്‍ നാര്‍ക്കിളേട്ടന്‍ ചെയ്യുന്ന വൃത്തികേടുകളെക്കുറിച്ച് മുതിര്‍ന്നവര്‍ ഭീതിജനകമായ കഥകള്‍ പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കുമായിരുന്നു. കാട്ടാനയെ മെരുക്കാനുള്ള ശക്തി നാര്‍ക്കിളേട്ടനുണ്ടെന്നും കുട്ടികളെ കണ്ടാല്‍ അവരെ കെട്ടിയിട്ട് ഉമ്മിണി അരിഞ്ഞ് കൊണ്ടുപോവുമെന്നുമൊക്കെ മഴയില്‍ കുളിച്ച് വരുന്ന വൈകുന്നേരങ്ങളില്‍ എതിരെവരുന്ന മീശ മൂത്തവര്‍ ഞങ്ങളോട് പറയും. അക്കൂട്ടത്തില്‍ ഏറ്റവും പേടിത്തൊണ്ടനായ ഞാന്‍, അതുകൊണ്ടുതന്നെ ഇത് കേട്ടയുടനെ കരയും.

അന്ന് രാത്രി ചിമ്മിണി വിളക്ക് കെടുത്തി മഴയുടെ ഒച്ചയില്‍ നാര്‍ക്കിളേട്ടന്‍ എന്റെയടുത്ത് വരുന്നതും  എന്റെ ഉമ്മിണി അരിഞ്ഞ് കൊണ്ടുപോവുന്നതും മനസില്‍ വരും. ഞാന്‍ തലമൂടെ പുതച്ച് ‘അര്‍ജുനോ ഫാല്‍ഗുനോ പാര്‍ത്ഥോ കിരീടി’ ചൊല്ലും. ‘എന്ത് പോയാലും മൂത്രമൊഴിക്കാന്‍ ഉമ്മിണിയുണ്ടാവണേ, ദൈവമേ’ എന്ന് ദൈവത്തിന് കൊടുക്കാന്‍ അപേക്ഷാഫോറം പൂരിപ്പിക്കും. അങ്ങനെയങ്ങനെ മഴ തിമര്‍ത്ത് പെയ്യുകയും ഞങ്ങള്‍ തിമിര്‍ത്ത് നനയുകയും ചെയ്ത് ദിവസങ്ങള്‍ ശരംവിട്ട പോലെ പോകും.

സ്‌കൂള്‍വിട്ട ഒരു വൈകുന്നേരം ഞാന്‍ തനിച്ചായി. മറ്റുള്ളവര്‍ ഉമാവരേട്ടന്റെ വീട്ടില്‍ സിനിമകാണാന്‍ വഴിതെറ്റി. (അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ ഉമാവരേട്ടന്റെ വീട്ടില്‍ മാത്രമേ ടി വി ഉണ്ടായിരുന്നുള്ളൂ, നാട്ടിലെ ആദ്യത്തെ ഗള്‍ഫുകാരനാണ്.) എനിക്കാണെങ്കില്‍ വൈകുന്നേരം കല്ലിങ്കീലില്‍ എളേപ്പന്റെ വീട്ടില്‍പോയി പാല് മേടിച്ചു കൊണ്ടു വരേണ്ട ഭ്രാന്ത് പിടിപ്പിക്കുന്ന പണിയുണ്ടായിരുന്നതു കൊണ്ട് പോകാനും പറ്റില്ല. അങ്ങനെ മഴയത്ത് ഏതോ പാട്ട് ഉച്ചത്തില്‍ പാടി വരികയാണ്. ‘എടാ ഞാന്‍ നനയുന്ന് പഹയാ…’ എന്ന് പുസ്തകം ഒച്ചയെടുക്കുന്നുണ്ടെങ്കിലും മഴയില്‍ ഞാന്‍ ഒന്നും മൈന്‍ഡാക്കുന്നില്ല.

അര്‍ജുനോ ഫാല്‍ഗുനോ പാര്‍ത്ഥോ കിരീടി’ ചൊല്ലും. എന്ത് പോയാലും മൂത്രമൊഴിക്കാന്‍ ഉമ്മിണിയുണ്ടാവണേ, ദൈവമേ

അമ്പലത്തില്‍നിന്ന് വീട്ടിലേക്ക് വഴിതിരിയുമ്പോള്‍ മടക്കിയ കുട തോളില്‍ തിരുകി ഒരു മെല്ലിച്ച മനുഷ്യന്‍ എതിരെ വന്നു. ‘ഇത്ര കനത്ത മഴയുണ്ടായിട്ടും കുട തുറക്കാതെ നടക്കാന്‍ ഇയാള്‍ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ…’ എന്ന കോംപ്ലക്‌സോടെ അയാളെ നോക്കി ഇറക്കം ഇറങ്ങവേ, അയാള്‍ എന്നെ വിളിച്ചു: ‘മാഷേ…’ ആ ഒറ്റനിമിഷം എനിക്ക് നാല്പത്തിയഞ്ച് വയസ് പ്രായം വന്നു. അയാള്‍ എന്നെത്തന്നെ നോക്കി. എന്റെ നനഞ്ഞ തലയില്‍ ഒന്ന് തടവി അയാള്‍ നടന്ന്‌പോയി.

താഴെ വീട്ടില്‍ ഉമ്മറത്തിരിക്കുന്നുണ്ടായിരുന്ന കമലാക്ഷേട്ടി ‘അതാരാന്നറിയാമോ ചെക്കാ..’ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ നിഷേധാര്‍ഥത്തില്‍ തലകുലുക്കിയപ്പോള്‍ ‘നാര്‍ക്കിളനാടാ..’ എന്ന് കമലാക്ഷേട്ടി മറുപടിച്ച നിമിഷം വാരിയെല്ലിലൂടെ ഒരു തരിപ്പ് മിന്നല്‍ വേഗമിട്ടു. കുറേനേരം കമലാക്ഷിയേട്ടിയെ നോക്കി പതുക്കെ നടന്ന്‌പോയി. ആ മഴ നനഞ്ഞ കുട്ടി ഇന്നും എന്റെ ഓര്‍മകളില്‍ സജീവമാണ്. അന്ന് രാത്രി അവന്‍ ‘അര്‍ജുനോ’ ചൊല്ലിയില്ല, തലമൂടെ പുതച്ചില്ല, ദൈന്യമുഖമുള്ള മഴനനഞ്ഞ മെല്ലിച്ച ആ പാവം മനുഷ്യന്‍ ഏറെനേരം അവന്റെ മനസ്സില്‍ പെയ്തുകൊണ്ടിരുന്നു.

ഇപ്പോള്‍ കോഴിക്കോട്ടെ സെന്റ് സെബാസ്റ്റ്യന്‍ ലോഡ്ജിലെ പതിനൊന്നാം നമ്പര്‍ കുടുസുമുറിയില്‍ അല്പം മുന്നേ പെയ്ത് തീര്‍ന്ന മഴയില്‍നിന്ന് നാര്‍ക്കിളേട്ടന്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്നിലേക്ക് നടന്നുവന്നതെന്തേയെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഒരു പക്ഷേ മഴയില്‍ ചുരുണ്ടുവീഴുന്ന എന്റെ ചെറുജീവിതത്തെ സ്വയം ഓര്‍മിപ്പിക്കാനാവാം. അതുമല്ലെങ്കില്‍ മനസിന്റെ ചൂടുണരുന്നത് വേനല്‍ക്കാലത്ത് മാത്രമല്ല മഴയിലും സംഭവിക്കാം എന്ന് കുത്തിനോവിപ്പിക്കാനാവാം. അറിയില്ല.

അടുത്ത പേജില്‍ തുടരുന്നു