എഡിറ്റര്‍
എഡിറ്റര്‍
ദേശീയ സ്‌കൂള്‍ മീറ്റ്: പി.യു ചിത്രക്ക് നാലാം സ്വര്‍ണ്ണം
എഡിറ്റര്‍
Sunday 12th January 2014 8:31am

p.u-chithra

റാഞ്ചി: അമ്പത്തിയൊമ്പതാമത് ദേശീയ സ്‌കൂള്‍ മീറ്റില്‍ പി.യു ചിത്രക്ക് നാലം സ്വര്‍ണ്ണം. സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രി മത്സരത്തിലാണ് ചിത്ര സ്വര്‍ണ്ണം നേടിയത്.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജെ.എസ് സതീഷ് വെള്ളിയും നേടി. ഇതോടെ കേരളത്തിന്റെ സ്വര്‍ണ്ണനേട്ടം 26 ആയി.

കഴിഞ്ഞദിവസങ്ങളില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ  3000, 1500, 5000 മീറ്റര്‍ എന്നീ ഇനങ്ങളിലും ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു. ഇതിനിടെ ചിത്രയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന്  മീറ്റിനിടെ സായ് വ്യക്തമാക്കിയിരുന്നു.

മുമ്പും ചിത്രയെ ഏറ്റെടുക്കാനുള്ള സന്നദ്ധത സായ് അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അന്ന് ചിത്രയുടെ കുടുംബം തയ്യാറല്ലായിരുന്നു എന്നതിനാലാണ് പിന്നീട് സായ്‌യുടെ ഭാഗത്തു നിന്ന് നടപടികളൊന്നുമുണ്ടാവാതിരുന്നത്.

ചിത്രയുടെ മാതാപിതാക്കള്‍ക്ക് സമ്മതമാണെങ്കില്‍ തനിക്ക് ഇക്കാര്യത്തില്‍ സന്തോഷമേയുള്ളൂവെന്ന് ചിത്രയുടെ പരിശീലകന്‍ അറിയിച്ചു.

പാലക്കാട് മുണ്ടൂര്‍ പാലക്കീഴ് വീട്ടില്‍ ഉണ്ണികൃഷ്ണന്റേയും വാസന്തിയുടേയും മകളായ ചിത്ര വളരെ ചെറുപ്പം തൊട്ടേ ട്രാക്കില്‍ മിടുക്കിയായി മാറിയിരുന്നു.

സ്‌കൂള്‍ കായിക മേളകളില്‍ കേരളത്തിനായി ഏറ്റവുമധികം മെഡല്‍ നേടിയ താരമായ ചിത്രയുടെ അവസാനത്തെ സ്‌കൂള്‍ മീറ്റാണ് റാഞ്ചിയിലേത്.

Advertisement