കോഴിക്കോട്: വിവാദ വിഷയങ്ങളില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണത്തിന് തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റും എം.എല്‍.എയുമായ പി.ശ്രീരാമകൃഷ്ണന്‍. ജനാധിപത്യമൂല്യങ്ങളില്‍ യു.ഡി.എഫ് വിശ്വസിക്കുന്നുവെങ്കില്‍ മാറാട്, ഐസ്‌ക്രീം, പാമോയില്‍ കേസുകളിലും കാസര്‍കോഡ് കലാപവുമായി ബന്ധപ്പെട്ട് നിസാര്‍ കമ്മീഷന്റെ പിരിച്ചുവിടലും സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

തരുണ്‍ദാസിനെ ആസൂത്രണ കമ്മീഷനില്‍ അംഗമായി നിയമിച്ചതില്‍ അപാകതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അഴിമതി ആസൂത്രണം ചെയ്യാനാണ് തരുണ്‍ദാസിനെ ആസൂത്രണ കമ്മീഷനില്‍ അംഗമാക്കിയതെന്നും കോര്‍പ്പറേറ്റുകളുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ട് ജനക്ഷേമ പദ്ധതികളെ അട്ടമറിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.