കണ്ണൂര്‍: പാപ്പിനിശേരിയിലെ കണ്ടല്‍ തീംപാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി പി ശശി വ്യക്തമാക്കി. ജയറാം രമേശ് കെ സുധാകരന് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ പൂട്ടാനുള്ളതല്ല പാര്‍ക്കെന്നും ശശി പറഞ്ഞു.

ഉത്തരവ് നടപ്പാക്കാതെ സി പി ഐ എം കോടതിയെ വെല്ലുവിളിക്കുകയാണെന്ന് കെ സുധാകരന്‍ ന്യൂദല്‍ഹിയില്‍ പറഞ്ഞു. പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ശക്തമായ ജനവികാരം കൊണ്ട് അത് തടയുമെന്നും സുധാകരന്‍ വ്യക്തമാക്കി.

പാപ്പിനിശേരിയിലെ വളപട്ടണം പുഴയോരത്തുള്ള കണ്ടല്‍ പാര്‍ക്ക് അടച്ചുപൂട്ടാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാല്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്ന് പാര്‍ക്കിന്റെ ഭാരവാഹികള്‍ അറിയിച്ചു. നിയമത്തിന്റെ പരിധിയിലാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനമെന്നും അധികൃതര്‍ വ്യക്തമാക്കി.