Administrator
Administrator
വി.എസിനെതിരെ പാര്‍ട്ടിക്ക് ശശിയുടെ കത്ത്
Administrator
Saturday 5th February 2011 3:25pm

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തനിക്കെതിരെ നടത്തുന്ന പരസ്യ വിമര്‍ശനങ്ങള്‍ നിര്‍ത്താന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പി.ശശി കത്തെഴുതി. മാധ്യമങ്ങളിലൂടെ വി.എസ് തനിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്നെ താല്‍ക്കാലികമായി വിട്ട് നില്‍ക്കാന്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

വി.എസ് മാധ്യമങ്ങളിലൂടെ തന്നെ വിചാരണ ചെയ്യുകയാണ്. പാര്‍ട്ടി കാര്യങ്ങള്‍ പരസ്യപ്പെടുത്തുകയാണ് വി.എസ് ചെയ്യുന്നത്. പാര്‍ട്ടിക്ക വേണ്ടി ഏറെ പ്രവര്‍ത്തിച്ചയാളാണ് താന്‍. തന്നോട് കുടിപ്പക തീര്‍ക്കുന്ന രീതിയിലാണ് വി.എസ് പെരുമാറുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സി.പി.ഐ.എം സംസ്ഥാന സമിതിക്കും പാര്‍ട്ടി സെക്രട്ടറിക്കും രണ്ട് കത്താണ് ശശി അയച്ചത്. പാര്‍ട്ടി സംസ്ഥാന സമിതിക്കയച്ച കത്തിലാണ് വി.എസിനെതിരെ ശക്തമായ ആരോപണങ്ങളുന്നയിക്കുന്നത്. വളരെ വേദനയോടെയാണ് ഈ കത്തെഴുതുന്നതെന്ന് പി.ശശി കത്തില്‍ വ്യക്തമാക്കുന്നു.

‘തനിക്കെതിരെ ആസൂത്രിതമായ അപവാദപ്രചാരണമാണ് നടക്കുന്നത്. എന്നെ സ്‌നേഹിക്കുന്നവരെയെല്ലാം ഇത് വേദനിപ്പിക്കുകയാണ്. പാര്‍ട്ടി അംഗത്തിനെതിരെ പാര്‍ട്ടി വേദികളില്‍ പരാതി ഉന്നയിക്കുകയും ചര്‍ച്ച ചെയ്യുകയുമെന്നാണ് സംഘടനാ രീതി. എന്നാല്‍ മാധ്യമങ്ങളെ കൂട്ട്പിടിച്ച് തന്നെ തേജോവധം ചെയ്യാനാണ് വി.എസ് ശ്രമിക്കുന്നത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുടിപ്പക തീര്‍ക്കുന്ന രീതിയിലാണ് വി.എസ് തന്നോട് പെരുമാറുന്നത്. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ തന്റെ ആവശ്യം നടക്കില്ലെന്ന് കണ്ടപ്പോഴാണ് വി.എസ് തനിക്കെതിരെ തിരിഞ്ഞത്. ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ തന്നെ ഉപയോഗിച്ച് വി.എസ് ശ്രമം നടത്തിയിരുന്നു.

പാര്‍ട്ടിയില്‍ കുറ്റംക്കാരായി കണ്ടെത്തിയവര്‍ക്ക് പോലും ഇത്തരത്തില്‍ ക്രൂരമായ വിചാരണ നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. പാര്‍ട്ടി ഭരണഘടനയിലെ നടപടിയെക്കാള്‍ ഭീകരമാണിത്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കും സംഘടനാ അച്ചടക്കം ബാധകമാണ്. പാര്‍ട്ടി അംഗമായത് കൊണ്ടാണ് ഞാന്‍ ഇത്തരത്തില്‍ അവഹേളനം നേരിടുന്നത്. ഇനി അത് തുടരാനാവില്ല. പാര്‍ട്ടി അനുഭാവിയായി തുടരും’ ശശി കത്തില്‍ വ്യക്തമാക്കുന്നു.

ചില പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട ശശിക്കെതിരെ വി.എസ് കഴിഞ്ഞ ദിവസം ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതാണ് പെട്ടെന്ന് ഇത്തരത്തിലൊരു കത്തെഴുതാന്‍ ശശിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

അക്കാര്യം വി.എസിനോട് തന്നെ ചോദിക്കണമെന്ന് പിണറായി

പി.ശശിക്കെതിരെ വി.എസ് ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവയൊണ് പിണറായി ഇങ്ങിനെ അഭിപ്രായപ്പെട്ടത്. ശശിക്കെതിരെയുള്ള വി.എസിന്റെ പരാമര്‍ശത്തോട് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

‘മുഖ്യമന്ത്രി പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം, ഞാന്‍ പറഞ്ഞത് എന്നോടും ചോദിക്കണം’ ഇതായിരുന്നു പിണറായിയുടെ മറുപടി.

വി.എസ് പറഞ്ഞത്

ശശി വിഷയത്തില്‍ താനും മാധ്യമങ്ങളും പ്രതീക്ഷിച്ച റിസല്‍ട്ടുണ്ടായില്ലെന്നാിരുന്നു വി.എസിന്റെ ഇന്നലത്തെ പ്രസ്താവന. ശശിക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് എനിക്ക് ലഭിച്ചിരിക്കുന്ന ഉറപ്പ്. ഇക്കാര്യത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഒരു പരാതി ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി അത് സീരിയസ്സായി എടുത്തില്ലെന്ന് വരരുതല്ലോ, അതായിരിക്കാം അന്വേഷണ കമ്മീഷനെ വെച്ചത്.

ശശി കോയമ്പത്തൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്ക് പോയല്ലോ എന്ന് ചോദിച്ചപ്പോള്‍ എല്ലാത്തരം രോഗത്തിനും കോയമ്പത്തൂര്‍ ആശുപത്രിയില്‍ ചികിത്സയുണ്ടെന്നായിരുന്നു വി.എസിന്റെ മറുപടി.

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ഔദ്യോഗിക വിഭാഗത്തിന്റെ ശക്തനായ വക്താവുമായിരുന്ന പി.ശശിക്കെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. എന്നാല്‍ അസുഖം കാരണം ശശിക്ക് അവധി അനുവദിക്കുകയായിരുന്നുവെന്നാണ് പാര്‍ട്ടി വിശദീകരിച്ചിരുന്നത്. ശശിക്കെതിരെ അന്വേഷണ കമ്മീഷനെ വെക്കാന്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ശശിക്കെതിരെ ഉയര്‍ന്ന പരാതി ഗുരുതരമാണെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലാണ് വി.എസിന്റെ ഇടപെടലുണ്ടായത്. ശശിയെ മുന്‍നിര്‍ത്തി പാര്‍ട്ടി ഔദ്യോഗിത വിഭാഗത്തെ നേരിടാനാണ് വി.എസിന്റെ നീക്കം.

രാഷ്ട്രീയ ജ്യോത്സ്യം…

പി ശശിയെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി

Advertisement