തിരുവനന്തപുരം: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയ്‌ക്കെതിരായ നടപടി സംസ്ഥാന കമ്മിറ്റി വീണ്ടും ചര്‍ച്ച ചെയ്യും. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുക്കുന്ന യോഗത്തിലാണ് ശശി വിഷയം ചര്‍ച്ച ചെയ്യുക.

ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതിയുയര്‍ന്നിരുന്നതിനെ തുടര്‍ന്ന് പി.ശശിക്കെതിരെ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. വൈക്കം വിശ്വനും എ.വിജയരാഘവനും ഉള്‍പ്പെട്ട രണ്ടംഗ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ശശിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

ഇതേ തുടര്‍ന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്യുകയും ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുകയോ നടപടി അംഗീകരിക്കുകയോ ചെയ്തിരുന്നില്ല.

ശശിയ്‌ക്കെതിരെ സ്വീകരിച്ച നടപടി കുറഞ്ഞുപോയെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണ് വേണ്ടതെന്നും സംസ്ഥാന കമ്മിറ്റിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

ഈ നടപടിയില്‍ പാര്‍ട്ടിയില്‍ പലര്‍ക്കും അഭിപ്രായ വ്യത്യാസമുള്ളതിനാലാണ് ശശിയ്‌ക്കെതിരായ നടപടി കഴിഞ്ഞദിവസം ഹൈദരാബാദില്‍ നടന്ന ചേര്‍ന്ന കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യാതിരുന്നത്. നടപടി സംസ്ഥാന കമ്മിറ്റി വീണ്ടും ചര്‍ച്ച ചെയ്തശേഷം കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാമെന്ന തീരുമാനമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.