p sasiതിരുവനന്തപുരം: പി.ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ചെയ്യാന്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി തീരുമാനം. ശശിയെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യാനുള്ള പാര്‍ട്ടി സെക്രട്ടേറിയേറ്റ് തീരുമാനം തള്ളിക്കൊണ്ടാണ് സംസ്ഥാന സിമിതിയുടെ തീരുമാനം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ശശിക്കെതിരെയുള്ള പരാതിയുടെ ഗൗരവവും പാര്‍ട്ടി വിടുകയാണെന്ന് അദ്ദേഹം തന്നെ നേരത്തെ വ്യക്തമാക്കിയതും തന്റെ പ്രസ്താവന മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്ത സാഹചര്യം പരിഗണിച്ച് ശശിയെ പുറത്താക്കണമെന്ന് സമിതിയിലെ ഭൂരിപക്ഷം പേരും ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ശശി വിഷയത്തില്‍ പാര്‍ട്ടി നിശ്ചയിച്ച അന്വേഷണ കമ്മീഷന്‍ ശശിക്കെതിരെ ഉയര്‍ന്നത് അതീവ ഗൗരവമുള്ള പരാതിയല്ലെന്നായിരുന്നു കണ്ടെത്തിയിരുന്നത്. ശശി ആരെയും പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടില്ല. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറുക മാത്രമേ ചെയ്തിട്ടുള്ളൂ. മാത്രമല്ല, സംഭവമുണ്ടായി മാസങ്ങള്‍ക്ക് ശേഷമാണ് പരാതി ഉണ്ടായത്. സംഭവത്തിന് ശേഷം സ്ത്രീയുടെ വീട്ടുകാരും ശശിയും നല്ല ബന്ധത്തിലായുരുന്നുവെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ശശിയെ പുറത്താക്കാതെ ഒരു വര്‍ഷത്തെ സസ്‌പെന്റ് ചെയ്യാന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചത്. എന്നാല്‍ ശശിക്കെതിരെ നേരത്തെയും ഇത്തരത്തില്‍ പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെക്രട്ടേറിയേറ്റ് തീരുമാനത്തെ മറികടന്ന് സംസ്ഥാന സമിതിയുടെ തീരുമാനമുണ്ടായിരിക്കുന്നത്.