കണ്ണൂര്‍: പി ശശിയെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. പി.ശശിയോട് അവധിയില്‍ പ്രവേശിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. പി ജയരാജന് ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്.

ആരോഗ്യപരമായ കാരണങ്ങളാല്‍ ശശി അവധിയില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് പി ജയരാജന്‍ പറഞ്ഞു. കെ പി സഹദേവന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ യോഗത്തില്‍ സന്നിഹിതനായിരുന്നു.

പി ശശിക്കെതിരെ പോഷകസംഘടനകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ബാക്കിനില്‍ക്കെയുള്ള തീരുമാനം അണികള്‍ക്കിടയില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തിനൊപ്പം എക്കാലത്തും ഉറച്ച് നിന്ന നേതാവാണ് പി ശശി. പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ എം.എല്‍.എമാരെ സംഭാവന ചെയ്യുന്ന സി.പി.ഐ.എം ശക്തി കേന്ദ്രമാണ് കണ്ണൂര്‍ ജില്ല. ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതരമായ പരാതിയാണ് ഉയര്‍ന്നതെന്നാണ് സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള തീരുമാനം സൂചിപ്പിക്കുന്നത്.

ശശിക്കെതിരെ നടപടിക്ക് കാരണമായത് രണ്ട് പരാതികള്‍

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കാരണമായത് രണ്ട് പരാതികള്‍. സി.പി.ഐ.എം പോഷക സംഘടനയുടെ ജില്ലാ സെക്രട്ടറിയും ഭാര്യയും നല്‍കിയ പരാതിയും ജില്ലയിലെ ഒരു എം.എല്‍.എയുടെ മകള്‍ നല്‍കിയ പരാതിയുമാണ് ശശിക്കെതിരെ നടപടിക്ക് കാരണമായതെന്നാണ് സൂചന.

നേരത്തെ ഇരിണാവ് പദ്ധതിയുടെ പേരില്‍ ഇ.പി ജയരാജനും ശശിയും തമ്മില്‍ ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും പിണറായിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയെന്ന നിലയില്‍ ശശി സംരക്ഷിക്കപ്പെടുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതിയുടെ ഗൗരവം പരിഗണിച്ചാണ് ശശിക്കെതിരെ പെട്ടെന്ന് നടപടിയുണ്ടായിരിക്കുന്നത്. നേരത്തെ ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തതിന്റെ പേരില്‍ ശശിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. സി.പി.ഐ.എം മലപ്പുറം സമ്മേളനത്തില്‍ കടുത്ത വിമര്‍ശനത്തിന് വിധേയമാവുകയും ഏറ്റവും കുറവ് വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു അദ്ദേഹം.

ശശിയുടെ വിശദീകരണം

കണ്ണൂര്‍: ആരോഗ്യപരമായ കാരണങ്ങളാലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതെന്ന് സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി. ചികിത്സ ആവശ്യമുള്ളതിനാലാണ് അവധിയില്‍ പ്രവേശിച്ചത്. ചികിത്സക്ക് ശേഷം വീണ്ടും കാണാംണെന്നും ശശി പറഞ്ഞു.

തലയിലേക്കുള്ള ബ്ലഡ് സര്‍ക്കുലേഷന് ചെറിയ തടസമുണ്ട്. നാളെത്തന്നെ ന്യൂറോ ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സക്ക് വിധേയമാകും. ആയുര്‍വേദ ചികിത്സയാണ് നടത്തുക. ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ പറയുന്ന സമയം തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.