Categories

പി.ശശിയെ പുറത്താക്കില്ല; സസ്‌പെന്‍ഷന്‍ മാത്രം

തിരുവനന്തപുരം: സി.പി.ഐ.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യും. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. ഒരു കൊല്ലം കഴിഞ്ഞ് പാര്‍ട്ടിയില്‍ തുടരണോ എന്ന കാര്യം ശശിയ്ക്ക് തീരുമാനിക്കാം.

ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതിയുയര്‍ന്നിരുന്നതിനെ തുടര്‍ന്ന് പി.ശശിക്കെതിരെ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. വൈക്കം വിശ്വനും എ.വിജയരാഘവനും ഉള്‍പ്പെട്ട രണ്ടംഗ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ശശിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

ഇതേ തുടര്‍ന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്യുകയും ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുകയോ നടപടി അംഗീകരിക്കുകയോ ചെയ്തിരുന്നില്ല.

ശശിയ്‌ക്കെതിരെ സ്വീകരിച്ച നടപടി കുറഞ്ഞുപോയെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണ് വേണ്ടതെന്നും സംസ്ഥാന കമ്മിറ്റിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യുകയും ശശിക്ക് സസ്‌പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ശശിയ്‌ക്കെതിരായ സസ്‌പെന്‍ഷന്‍ പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കലല്ലെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.