എഡിറ്റര്‍
എഡിറ്റര്‍
അതിജീവനത്തിന്റെ കനല്‍ വഴികള്‍- 2
എഡിറ്റര്‍
Monday 7th May 2012 12:28pm

“നിങ്ങള്‍ അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധിക്ക് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്”എന്ന് ഞാനവരോട് ചോദിച്ചു. അവര്‍ ഞങ്ങള്‍ക്ക് കര്‍ഷകശ്രീ അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും കാണിച്ചു തന്നു. “നിങ്ങള്‍ മാദ്ധ്യമ പ്രവര്‍ത്തകരാണ് ഇതിനുത്തരവാദികളെന്ന്” അവര്‍ ഞങ്ങളോട് പറഞ്ഞു.

the struggle for survival

രണ്ടാം ഭാഗം
പി. സായ്‌നാഥ്
പരിഭാഷ: കെ.ഇ.കെ. സതീഷ്

 

ഇനി 2001-ലെ സെന്‍സസില്‍ നിന്നും നമുക്ക് 2011-ലെ സെന്‍സസിലേക്ക് തന്നെ തിരിച്ചുവരാം. സെന്‍സസില്‍ ടൗണുകളുടെ എണ്ണവും അതിലെ ജനസംഖ്യയുമാണ് കുതിച്ചു പൊങ്ങിയത്. സ്റ്റാറ്റിയൂട്ടറി ടൗണുകളിലെ വളര്‍ച്ചാനിരക്ക് ഏറെക്കുറെ സാധാരണ ഗതിയിലായിരുന്നു. അതായത് നഗരപ്രാന്തങ്ങളിലെ ചേരികളും ചെറുടൗണുകളുമാണ് ഇത്തരത്തില്‍ വളര്‍ന്നത്. ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ കൃഷി തകര്‍ന്നു തരിപ്പണമായിട്ടുണ്ട്. അവിടങ്ങളിലെ പുരുഷ ജനസംഖ്യയുടെ ഇരുപത്തിയഞ്ച് ശതമാനം താഴെ മാത്രമേ കൃഷിയെ ആശ്രയിക്കുന്നുള്ളൂ.

ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള ഈ മനുഷ്യ കുടിയേറ്റം സങ്കല്പങ്ങള്‍ക്ക് അതീതമാം വിധം ഭീമാകാരമാണ്. ഇത്തരമൊരു പ്രതിഭാസം നമ്മുടെ രാജ്യം ഇതിന് മുമ്പു കണ്ടിട്ടില്ല. 1921-ല്‍ മാത്രം ഗ്രാമജനസംഖ്യയേക്കാള്‍ നഗര ജനസംഖ്യയില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്. അതിനു കാരണമെന്തായിരുന്നു?

ഇതന്വേഷിച്ചാല്‍ നമുക്ക് രണ്ട് കാരണങ്ങള്‍ കണ്ടെത്താം. 1918 മുതല്‍ 1920 വരെ രാജ്യത്തു പടര്‍ന്നു പിടിച്ച ഇന്‍ഫ്‌ളുവന്‍സ എന്ന പകര്‍ച്ചവ്യാധിയാണ് ഒരു കാരണം. ഒരുകോടി അറുപത് ലക്ഷം ഇന്ത്യാക്കാരാണ് അന്ന് ഈ രോഗത്തിനിരയായി മരണമടഞ്ഞത്. അതുകാരണം മുന്‍ സെന്‍സസിനെ അപേക്ഷിച്ച് ഗ്രാമജനസംഖ്യയില്‍ മുപ്പത് ലക്ഷത്തിന്റെ കുറവ് പോലുമുണ്ടായി. ഇക്കഴിഞ്ഞ ഇരുപത് വര്‍ഷത്തിനകം ഇത്തരമൊരു പകര്‍ച്ച വ്യാധി ദുരന്തം ഇന്ത്യയില്‍ സംഭവിച്ചിട്ടില്ലെന്ന് നമുക്കെല്ലാമറിയാം.

1921-ലെ പ്രതിഭാസത്തിന്റെ മറ്റൊരു കാരണം ഒന്നാം ലോകമഹായുദ്ധമായിരുന്നു. ഈ യുദ്ധത്തില്‍ പട്ടാളക്കാര്‍ എന്ന നിലയില്‍ തൊണ്ണൂറായിരം പേരും ചൗക്കീദാര്‍മാര്‍ മറ്റു ജോലിക്കാര്‍ തുടങ്ങി മറ്റൊരു തൊണ്ണൂറായിരം പേരും, അങ്ങനെ ഒരു ലക്ഷത്തി എണ്‍പതിനായിരം ഇന്ത്യക്കാര്‍ക്ക് ജീവന്‍ വെടിയേണ്ടി വന്നിട്ടുണ്ട്.

ഈ കഴിഞ്ഞ പത്തു വര്‍ഷത്തിനകം ഇങ്ങനെയൊരു യുദ്ധക്കെടുതി രാജ്യത്ത് സംഭവിച്ചിട്ടില്ലെന്നും നമുക്കറിയാവുന്ന കാര്യമാണ്. പിന്നെന്താണ് സംഭവിച്ചത്? എന്താണ് സെന്‍സസിലെ ഈ പ്രതിഭാസത്തിന് കാരണം? കുടിയേറ്റം. രാജ്യത്തിന്റെ ഏതൊരു മുക്കിലും മൂലയിലും ചെന്നു നിങ്ങള്‍ക്ക് പരിശോധിക്കാം. അവിടെയെല്ലാം ബംഗാളികളും ഒഡിയകളും കേരളീയരുമായ കുടിയേറ്റക്കാരെ നിങ്ങള്‍ക്ക് കാണാം.

നിങ്ങള്‍ ഒറീസയില്‍ ചെന്നു നോക്കുക. രാജ്യത്തിന്റെ കിഴക്കേയറ്റത്തു കിടക്കുന്ന സംസ്ഥാനമാണ് ഒറീസ. ഗുജറാത്താകട്ടെ പടിഞ്ഞാറേയറ്റത്തും. ഒഡീഷയിലെ ഗജ്ജാര്‍ ജില്ലയില്‍ നിന്നുമാത്രം വന്ന നാലുലക്ഷം ഒഡിയകള്‍ ഗുജറാത്തിലെ സൂറത്തിലുള്ള പവര്‍ ലൂമുകളില്‍ ജോലി ചെയ്യുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണം രാജ്യത്തെ സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് കാണുക.

ഈ നാലുലക്ഷം പേരില്‍ ഓരോരുത്തരും രണ്ടു തറികള്‍ വീതം പ്രവര്‍ത്തിപ്പിക്കണം. പിന്നീടത് മൂന്നു തറികളായി. അപ്പോഴാണ് വാള്‍സ്ട്രീറ്റ് പ്രതിസന്ധി ഉടലെടുത്തത്. ആയിരക്കണക്കിന് കരാറുകള്‍ ഇതോടെ റദ്ദായി. പവര്‍ ലൂമുകളടക്കം അന്‍പതിനായിരം തൊഴിലാളികളെ രായ്ക്കുരാമാനം പിരിച്ചുവിട്ടു. അവര്‍ക്ക് വെറും കൈയോടെ ഗജ്ജാറിലേയ്ക്ക് മടങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന ലോകം

കേരളമുള്‍പ്പെടെ ഇന്ത്യയിലെ സംസ്ഥാനങ്ങളിലെല്ലാം തന്നെ വീടുകള്‍ പുലരുന്നത് എങ്ങനെയാണ്? സഹോദരന്മാരില്‍ ഒരാള്‍ വീട്ടില്‍ നിന്ന് അവിടത്തെ കൃഷികാര്യങ്ങള്‍ ശ്രദ്ധിക്കും. മറ്റെല്ലാവരും പുറത്തുപോയി അദ്ധ്യാപകരായോ, ബാങ്കു ജോലിക്കാരായോ ഗുമസ്തന്മാരായോ, തൊഴിലാളികളായോ പണിയെടുക്കും. അവരെല്ലാവരും വീട്ടിലേക്ക് പണമെത്തിക്കും. അതുകൊണ്ട് കുടുംബത്ത് കൃഷികാര്യങ്ങള്‍ നടത്തും. നാലുപേര്‍ ഒരുമിച്ചു വീട്ടിലെത്തി കൃഷികാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങുന്നതോടെ അനേകം സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ ഉടലെടുക്കും. സഹോദരന്മാര്‍ പരസ്പരം ശത്രുതയിലാവും.

സൂറത്തില്‍ മറ്റൊരു കാര്യം കൂടി സംഭവിച്ചു. ഓരോ തൊഴിലാളിക്കും നാലു തറികള്‍ വീതം ഒരേസമയം പ്രവര്‍ത്തിപ്പിക്കേണ്ടി വന്നു. അതും ഇടയ്‌ക്കൊരു ചായയോ കാപ്പിയോ കുടിക്കാനുള്ള ഒഴിവില്ലാതെ, പന്ത്രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി. സൂറത്തില്‍ ഇങ്ങനെ പവര്‍ലൂമുകളില്‍ അടിമപ്പണിക്കു വിധിക്കപ്പെട്ട തൊഴിലാളികളില്‍ കുറച്ചുപേര്‍ ഇപ്പോള്‍ കേരളത്തിലുണ്ട്.

കാരണം ഇവിടെ സ്ഥിതി അതിലും കുറച്ചുകൂടി മെച്ചമാണ് എന്നുള്ളതുതന്നെ. തങ്ങളുടെ ജീവനോപാധികളില്‍ സംഭവിച്ച സമ്പൂര്‍®മായ തകര്‍ച്ചയില്‍ നിരാശരായ അനന്തപൂര്‍ ജില്ലയിലെ തൊഴിലാളികള്‍ക്ക് രാജ്യത്തെ എണ്‍പത്തിനാല് നഗരങ്ങളിലേക്കായി തൊഴിലന്വേഷിച്ചു പോകേണ്ടി വന്നു. വയനാട്ടിലെ കുട്ടയിലും ആന്ധ്രയിലെ തെലുങ്കാനയിലുമെല്ലാം ഇതുതന്നെയാണ് സ്ഥിതി.

P Sainath1993-ല്‍ തെലുങ്കാനയിലെ മെഹബൂബ് നഗറില്‍നിന്നും കുടിയേറ്റക്കാരെയും കൊണ്ട് ബോംബെയ്ക്ക് പോകുന്ന ബസില്‍ ഞാനും സഞ്ചരിക്കുകയുണ്ടായി. അന്‍പത്തിയെട്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസില്‍ അറുപതു പേരാണുണ്ടായിരുന്നത്. പ്രധാനമായും ഗോത്രവര്‍ഗക്കാരോ ദളിതുകളോ. അവരെല്ലാം തൊഴില്‍ തേടി മുംബൈയിലേക്ക് പോവുകയായിരുന്നു. അന്ന് മെഹ്ബൂബ് നഗറില്‍ നിന്ന്  മുംബൈയിലേക്ക് ആ ഒരു ബസ് മാത്രമാണുണ്ടായിരുന്നത്.

2003-ല്‍ ഞാന്‍ വീണ്ടും അതേ ബസില്‍ സഞ്ചരിച്ചു. അപ്പോഴേക്കും മെഹ്ബൂബ് നഗറില്‍ നിന്നും മുംബൈയിലേക്ക് നാല്‍പത്തിമൂന്ന് ബസ് സര്‍വീസുകളുണ്ടായിരുന്നു. ഓരോ ബസിലും നൂറ് നൂറ്റിപ്പത്ത് ആളുകളെ വീതം കുത്തി നിറച്ചിരുന്നു. ഇക്കണ്ട ദൂരമൊക്കെ അവര്‍ക്ക് നിന്നുകൊണ്ട് യാത്ര ചെയ്യേണ്ടി വന്നിരുന്നു. തുടര്‍ച്ചയായി മുപ്പത്തിയാറ് മണിക്കൂര്‍. രാജ്യത്തെ ജനങ്ങളുടെ ജീവസന്ധാരണത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം ഇതാണ്.

ജാര്‍ഖണ്ഡില്‍നിന്നും ഇവിടെയെത്തിയ മേഘ്‌നാഥിനോടും ഡല്‍ഹിയില്‍നിന്നും വന്ന അനില്‍ ചൗധരിയോടും ഒരുവാക്ക്. ജാര്‍ഖണ്ഡില്‍ നിന്നും വന്ന ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനുമിടയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ഡല്‍ഹിയില്‍ ഇന്ന് വീട്ടുവേലക്കാരായി പണിയെടുക്കുന്നുണ്ട്. പന്ത്രണ്ടിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള ഈ പെണ്‍കുട്ടികളോരോരുത്തരും ആഴ്ചയില്‍ ഏഴ് ദിവസവും ഇരുപത്തിനാല് മണിക്കൂറും ജോലിക്ക് നിയോഗിക്കപ്പെടാം.

അര്‍ദ്ധരാത്രിയില്‍ കുടുംബ സുഹൃത്ത് പഞ്ചാബില്‍ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ വന്നുചേര്‍ന്നാല്‍ ഇവര്‍ വിളിച്ചെഴുന്നേല്പിക്കപ്പെടും. ഇവരെല്ലാവരും നാട്ടില്‍ ഭൂമിയില്ലാത്തവരല്ല. ആദിവാസികളായ ഇവര്‍ക്ക് ഭൂമിയുണ്ടായിരുന്നു. തൊഴിലുണ്ടായിരുന്നു. ആഹാരവും പാര്‍പ്പിടവുമുണ്ടായിരുന്നു. ജീവനോപാധികള്‍ തച്ചു തകര്‍ക്കപ്പെട്ടതിന്റെ ഫലമായി കുടിയേറ്റം നടത്തേണ്ടി വന്ന നിസ്സഹായരായ ബാലികമാരാണവര്‍.

 

 

 

 

 

 

അടുത്ത പേജില്‍ തുടരുന്നു

Advertisement