തിരുവനന്തപുരം: സംസ്ഥാനത്ത് നിയമനം നടത്താതെ പി.എസ്.സി ലിസ്റ്റുകള്‍ നോക്കുകുത്തിയാകുന്നെന്ന് പരാതി. 2012 മാര്‍ച്ച് 31 ന് കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളാണ് നിയമനം നടത്താനാകാതെ മരവിക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോസ്ഥരുടെ വിരമിക്കലിലൂടെ ഉണ്ടാകുന്ന ഒഴിവുകള്‍ നികത്താന്‍ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിക്കാനാകാത്തതാണ് ഇതിന് കാരണം. 2012-2013 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള സൂപ്പര്‍ ന്യൂമറി തസ്തിക കഴിഞ്ഞ മാര്‍ച്ചിന് മുമ്പ് തന്നെ പൂര്‍ത്തിയായിരുന്നു.

അതുകൊണ്ട് തന്നെ 2013 മാര്‍ച്ച് 31 ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെട്ടേക്കാമെന്നും ആശങ്കകളുണ്ട്. പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കാന്‍ അത്രയും തസ്തികകളില്‍ സൂപ്പര്‍ ന്യൂമറി നിയമനം നടത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

അടുത്ത വര്‍ഷം മാര്‍ച്ച് 31 ന് കാലാവധി അവസാനിക്കുന്ന 639 റാങ്ക് ലിസ്റ്റുകളെയാണ് ഇത് ബാധിക്കുക. അതിനാല്‍ ഈ ജൂലൈ 31 നും 2013 മാര്‍ച്ച് 31 നും കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകള്‍ ഒരുവര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.