കണ്ണൂര്‍: എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി രാമകൃഷ്ണന്‍. പൊതുജന മധ്യത്തില്‍ വി.എം സുധീരനെപ്പോലെ ഒരു നേതാവിനെ അവഹേളിച്ചത് വെച്ച് പൊറുപ്പിക്കാനാവില്ല. സുധീരനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസില്‍ അബ്ദുല്ലക്കുട്ടിക്ക് എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

അബ്ദുല്ലക്കുട്ടിക്ക് ഉയര്‍ന്ന പദവി നല്‍കിയത് തെറ്റായിപ്പോയി. പാര്‍ട്ടി അച്ചടക്കം ലംഘിക്കരുതെന്ന് നിരവധി തവണ അബ്ദുല്ലക്കുട്ടിയോട് താക്കീത് ചെയ്തിട്ടുണ്ട്. കെ.പി.സി.സി യുടെ സുപ്രധാന പരിപാടിയെ മലീമസമാക്കുന്നതാണ് അബ്ദുല്ലക്കുട്ടിയുടെ നടപടി. അബ്ദുല്ലക്കുട്ടിയുടെ പെരുമാറ്റം പാര്‍ട്ടിക്ക് എതിരാണ്.
വിവാദം വന്ന വഴി

ബി.ഒ.ടി അടിസ്ഥാനത്തില്‍ കേരളത്തിലെ ദേശീയ പാതകള്‍ വികസിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കിയാല്‍ മറ്റൊരു 2ജി സ്‌പെക്ട്രമായി മാറുമെന്ന വി.എം. സുധീരന്റെ അഭിപ്രായത്തെ അബ്ദുല്ലക്കുട്ടി വിമര്‍ശിച്ച് സംസാരിച്ചതാണ് കോണ്‍ഗ്രസില്‍ വിവാദമായത്. കെ.പി.സി.സി നടത്തുന്ന കേരള വികസന കോണ്‍ഗ്രസില്‍ കേരള വികസന വീക്ഷണം-2025 എന്ന സെമിനാറായിരുന്നു വേദി. സധീരന്റെ പ്രസ്താവനക്കെതിരെ അബ്ദുല്ലക്കുട്ടി രംഗത്തെത്തുകയായിരുന്നു. കമ്യൂണിസ്റ്റുകാര്‍ പോലും ഉപേക്ഷിച്ച ആശയമാണു സുധീരന്‍ പറയുന്നതെന്ന് അബ്ദുല്ലക്കുട്ടി പിന്നീടു മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു.

ദേശീയപാതാ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 40% തുക ഗ്രാന്റായി നല്‍കുകയാണെന്നും ഇതിനായി നിര്‍മാണച്ചെലവു പെരുപ്പിച്ചുകാട്ടുന്ന തരത്തിലാണു പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും സൂധീരന്‍ പറഞ്ഞു. നിലവിലെ റോഡ് വികസിപ്പിക്കുന്നതിനു ചിലയിടത്തു കിലോമീറ്ററിനു 17 കോടി രൂപയും മറ്റു ചിലയിടത്ത് 23 കോടി രൂപയും വേണമെന്നു പറയുന്നു.

യഥാര്‍ഥത്തില്‍ കേന്ദ്രം നല്‍കുന്ന 40% തുക കൊണ്ടു റോഡ്പണി പൂര്‍ത്തിയാക്കുകയും ബാക്കി തുക ബി.ഒ.ടി കമ്പനി കൈക്കലാക്കുകയും ചെയ്യുമെന്നു സുധീരന്‍ പറഞ്ഞു. റോഡ് വേണമെന്ന ജനങ്ങളുടെ ആഗ്രഹമാണു കൊള്ളയടിക്കപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതു കേട്ടുകൊണ്ടു വേദിയിലിരിക്കുകയായിരുന്ന അബ്ദുല്ലക്കുട്ടി അരികിലുണ്ടായിരുന്ന സി.പി. ജോണിന്റെ ചെവിയില്‍ എന്തോ പറഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു. വേദിക്കു പുറത്തു വന്നു മാധ്യമപ്രവര്‍ത്തകരോടു സുധീരന്റെ അഭിപ്രായത്തിനെതിരെ പറയാനും അബ്ദുല്ലക്കുട്ടി തയ്യാറായി. കേന്ദ്രം നിര്‍ദേശിക്കുന്ന തരത്തിലുള്ള ഒരിഞ്ച് റോഡ് പോലും ഇവിടെയില്ലെന്നും മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടെന്നും അബ്ദുല്ലക്കുട്ടി ചൂണ്ടിക്കാട്ടി. സി.പി.ഐ.എമ്മിന്റെ വികസന കാഴ്ചപ്പാടുകള്‍ ശരിയല്ലെന്നു നേരത്തേ ബോധ്യപ്പെട്ടതാണ്. സുധീരനും ഈ മാനസികാവസ്ഥ യിലാണുള്ളതെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.

അബ്ദുല്ലക്കുട്ടിയുടെ ഈ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.