കണ്ണൂര്‍: എം. പി. സ്ഥാനം തറവാട്ടു സ്വത്തല്ലെന്നും പാര്‍ട്ടി നല്‍കിയ സ്ഥാനം രാജിവെയ്ക്കുമെന്നു പറയുന്നത് അച്ചടക്ക ലംഘനമാണെന്നും പി. രാമകൃഷ്ണന്‍. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച പി.രാമകൃഷ്ണനെ ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കില്‍ എംപി സ്ഥാനം രാജിവെയ്ക്കുമെന്ന എം. പി. സുധാകരന്റെ ആരോപണങ്ങളോട് പ്രതികരിക്കവെയാണാ പി. രാമകൃഷ്ണന്‍ ഇങ്ങിനെ പറഞ്ഞത്.

എം. പി. സ്ഥാനം കിട്ടിയത് തറവാട് സ്വത്തായല്ലെന്ന് സുധാകരന്‍ മനസ്സിലാക്കണം. എം. പി. സ്ഥാനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തരുത്. സുധാകരനെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. സുധാകരനെതിരെ വിശദമായ റിപ്പോര്‍ട്ട് നല്‍കും. ഘരാവോ സംഘടിപ്പിച്ചതിന് സുധാകരന്‍ മാപ്പു പറയണം. തനിക്കെതിരായ ഉപരോധ സമരം സുധാകരന്‍ ഡല്‍ഹിയില്‍ ഇരുന്ന് സംവിധാനം ചെയ്തതാണെന്നും പി. രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

സജിത് ലാലിന്റെ സഹോദരന്‍ അജിത് ലാല്‍ പറഞ്ഞത് സുധാകരനെതിരായ തെളിവാണ്. താന്‍ ഡി. സി. സി. പ്രസിഡന്റായതു മുതല്‍ സുധാകരന്‍ അസ്വസ്ഥനാണ്. എന്നെ കൊല്ലുമെന്ന് പറഞ്ഞവര്‍ പാര്‍ട്ടിക്കകത്തുണ്ട്. നേതൃത്വത്തെ വിരട്ടാനാണ് സുധാകരന്റെ ശ്രമം. പാര്‍ട്ടിക്കകത്ത് ഗുണ്ടാ രാഷ്ട്രീയം കളിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സുധാകരന്റെ ഗുണ്ടാ രാഷ്ട്രീയം കണ്ണൂരില്‍ ഇനി വിലപ്പോവില്ലെന്നും പി. രാമകൃഷ്ണന്‍ ആരോപിച്ചു.