കണ്ണൂര്‍: കെ. പി. സി. സിക്ക് കണ്ണൂര്‍ ഡി. സി. സി പ്രസിഡന്റ് പി. രാമകൃഷ്ണന്‍ മറുപടി നല്‍കി. പതിനൊന്ന് പേജുള്ള മറുപടിയല്‍ കെ. സുധാകരനെതിരെ പരോക്ഷമായി ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി പി. രാമകൃഷ്ണന്‍ വ്യക്തമാക്കുന്നുണ്ട്.

ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ കെ. സുധാകരന്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പ്രധാന ആരോപണം. കെ. സുധാകരന്‍ ഡി.സി.സി പ്രസിഡന്റായത് പ്രവര്‍ത്തകരെ വിരട്ടിയും തോക്കും ബോംബും കാണിച്ചുമാണെന്നും രക്തസാക്ഷില്‍ ഫണ്ടില്‍ നിന്നും സുധാകരന്‍ തിരിമറി നടത്തിയെന്നും പി. രാമകൃഷ്ണന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കണ്ണൂര്‍ ഡി.സി.സി ഓഫീസിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണനോടും കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം എം.നാരായണന്‍ കുട്ടിയോടും കെ.പി.സി.സി വിശദീകരണം ചോദിച്ചിരുന്നു. 15 ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ടെങ്കിലും എന്‍. നാരായണന്‍ കുട്ടി ഇത്‌വരെ മറുപടി നല്‍കിയിട്ടില്ല. രാമകൃഷ്ണനെ തടഞ്ഞുവെച്ചതിനാണ് എം.നാരായണന്‍കുട്ടിയോട് വിശദീകരണം ചോദിച്ചത്. മാധ്യമങ്ങളോട് സംസാരിച്ചതിനാണ് രാമകൃഷ്ണനോട് വിശദീകരണം ചോദിച്ചത്.