ന്യൂദല്‍ഹി: സി.പി.ഐ.എം സംസ്ഥാന സമിതിയംഗവും എം.പിയുമായ പി. രാജീവിനെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് സഹായിക്കുന്നത് അമേരിക്കയിലെ ഫോര്‍ഡ് ഫൗണ്ടേഷന്‍. പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ട ചോദ്യം മുതല്‍ മണ്ഡലത്തിന്റെ സമഗ്ര ചിത്രം വരെ ഇവരാണ് പി. രാജീവിന് തയ്യാറാക്കി നല്‍കുന്നത്. അമേരിക്കയിലെ ഫോര്‍ഡ് ഫൗണ്ടേഷന്റെ സഹായത്തോടെ ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ പി.ആര്‍.എസിന്റെതാണ് ഈ വെളിപ്പെടുത്തല്‍.

വിദേശ സഹായം പറ്റുന്നതില്‍ രാജീവിന് കൂട്ടായി ബംഗാളില്‍ നിന്നുള്ള സി.പി.ഐ.എം എം.പി മോയിനുല്‍ ഹസ്സനുമുണ്ട്. പി.ആര്‍.എസിന്റെ ‘ലെജിസ്ലേറ്റീവ് അസിസ്റ്റന്റ് ടു മെമ്പേഴ്‌സ് ഓഫ് പാര്‍ലമെന്റ് ഫെല്ലോഷിപ്പ്’ നേടിയ ശ്വേത വെങ്കിട്ടറാം ആണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം മുതല്‍ ബജറ്റ് സെഷന്‍ വരെ പി. രാജീവിനെ സഹായിച്ചത്. മോയിനുല്‍ ഹസ്സന് പി.ആര്‍.എസില്‍ നിന്നും സഹായിക്കുന്നത് റെബേക്ക ജോര്‍ജ് എന്ന വനിതയുമാണ്.

2005ല്‍ പി.ആര്‍.എസ് സ്ഥാപിച്ചത് ഫോര്‍ഡ് ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെയാണ്. പി.ആര്‍.എസിന്റെ ഇപ്പോഴത്തെ നടത്തിപ്പില്‍ ഗൂഗിള്‍ ഫൗണ്ടേഷനും സഹയാക്കുന്നുണ്ട്. പി.ആര്‍.എസിന്റെ വെബ്‌സൈറ്റ് ഇക്കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

പി.ആര്‍.എസിന്റെ ‘ലെജിസ്ലേറ്റീവ് അസിസ്റ്റന്റ് ടു മെമ്പേഴ്‌സ് ഓഫ് പാര്‍ലമെന്റ് ഫെല്ലോഷിപ്പ്’ അഥവാ ലാംപ്  ഫെല്ലോഷിപ്പുകള്‍  2010ല്‍ 12 പേര്‍ക്കും 2011ല്‍ 46 പേര്‍ക്കും ലഭിച്ചിട്ടുണ്ട്. എം.പി മാര്‍ക്ക് ഗവേഷണ പിന്തുണ നല്‍കാനാണെന്ന് ഈ ഫെല്ലോഷിപ്പുകള്‍ എന്ന് പി.ആര്‍.എസിന്റെ വെബ് സൈറ്റ് പറയുന്നു. ഇത്തരത്തില്‍ ഫെല്ലോഷിപ്പുകള്‍ നേടിയവരാണ് പി. രാജീവിനെയും മോയിനുല്‍ ഹസ്സനെയും സഹായിക്കുന്ന ശ്വേത വെങ്കിട്ടറാമും റെബേക്ക ജോര്‍ജ്ജും.

എന്നാല്‍, എം.പി എന്ന നിലയില്‍ താന്‍ പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രമായിട്ടാണെന്ന് പി. രാജീവ് എം.പി പ്രതികരിച്ചു.

അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ മേല്‍നോട്ടത്തിലാണ് ഫോര്‍ഡ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പുസ്തകത്തില്‍ യു.എസ്.എ ഐഡിയും ഫോര്‍ഡ് ഫൗണ്ടേഷനും സി.ഐ.എയുടെ സാമ്പത്തിക സഹായം പറ്റുന്ന സംഘടനകളാണെന്ന് ആരോപിച്ചിട്ടുണ്ട്.

നേരത്തെ, ഡോ. തോമസ് ഐസക്ക് ഫോര്‍ഡ് ഫൗണ്ടേഷന്റെ പണം ഉപയോഗിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍, പാര്‍ട്ടിയെ കരിവാരി തേയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ എന്ന് പറഞ്ഞ് അദ്ദേഹം അത് നിഷേധിച്ചിരുന്നു. അണ്ണാ ഹസാരെയുടെ സമരത്തെ എതിര്‍ത്ത് സി.പി.ഐ.എം നിലപാടെടുത്തപ്പോള്‍, ഫോര്‍ഡ് ഫൗണ്ടേഷന്റെ സഹായം വാങ്ങുന്ന സംഘടനകള്‍ ഹസാരെയുടെ സമരത്തിനു പിന്നിലുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്.

എന്‍.ജി.ഓകളെ അടുമുടി എതിര്‍ക്കുന്നതാണ് സി.പി.ഐ.എം നയം. സി.പി.ഐ.എം അതിന്റെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന ഈ സമയത്ത്, മുതലാളിത്ത ചട്ടക്കൂടിന്റെ മറയില്‍ ആഗോളീകരണ വിരുദ്ധ ജനകീയ സമരങ്ങളെ എന്‍.ജി.ഒകള്‍ അട്ടിമറിക്കുന്നുവെന്ന 2005ലെ പാര്‍ട്ടി സമീപനരേഖ ഓര്‍ക്കേണ്ടതുണ്ട്.

Malayalam news

Kerala news in English