Administrator
Administrator
മനോരമയും പി.രാജീവും ഫണ്ടിംഗ് വിവാദത്തിലെ കാണാപ്പുറവും
Administrator
Monday 27th February 2012 3:27pm


ഹരീഷ് വാസുദേവന്‍

പി.രാജീവ് എം.പിക്ക് പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് അമേരിക്കന്‍ ഫൌണ്ടേഷന്റെ സഹായം ലഭിക്കുന്നുവെന്ന മട്ടില്‍ മനോരമ ചാനല്‍ ഒരു വാര്‍ത്ത പുറത്തുവിട്ടു. അതിനു പി.രാജീവ് ഫെയ്‌സ് ബുക്കില്‍ ഇങ്ങനെ മറുപടി പറഞ്ഞു

‘Manorama channel published a bogus story regarding my parliamentary work. They have reported that my parliamentary works are supported by US. Totally basless and an example of stupid journalism. MPs are selected by Constitution Club of India for getting assistance. Constitution club is a club of MPs and former MPs which was started in 1947. Speaker is the chairperson and Hannanmulla cpim. Cetnral secretariat member is thet reasurer. The assistants are giving the information as directed by the MPs. Everybody can check the official website of Rajyasabha and find out all the questions raised by myself and the debates and can decide whose itnrest aret rying to protect.’

തൊട്ടു പിന്നാലെ ഇങ്ങനെയും പി.രാജീവ് വിശദീകരിച്ചു.

‘PRS is an organisation associated with constitution club for this programme. They are giving bill summery to all MPs. They have conductedt raining program for MLAs from all states including Kerala in association with IIM ‘

മനോരമയ്ക്ക് ഫോര്‍ഡ് ഫൌണ്ടേഷന്‍ എന്ന അമേരിക്കന്‍ ഫണ്ടിംഗ് ഏജന്‍സിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന PRS എന്ന NGO ആണ് ചര്‍ച്ചാവിഷയം. ഫോര്‍ഡ് ഫൌണ്ടേഷനെ കൂടാതെ ഗൂഗിള്‍ കൊര്‍പ്പറെഷനും PRS ന്റെ ഫണ്ടിംഗ് സഹായിയാണ്. എം.പിമാര്‍ക്ക് ഗവേഷണത്തിനായി PRS സഹായിക്കുന്നു എന്നത് ഒരു പുതിയ വാര്‍ത്തയല്ല. വര്‍ഷങ്ങളായി അവരുടെ ഫെല്ലോഷിപ്പ് അറിയിപ്പുകള്‍ മലയാള പത്രങ്ങളില്‍ അടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് മനോരമയ്ക്കറിയാത്തതല്ല. പിന്നെങ്ങിനെ ഇതിപ്പോള്‍ സ്‌കൂപ്പ് വാര്‍ത്തയായി? വിദേശഫണ്ട്, അമേരിക്ക, സി.പി.ഐ.എം എന്നീ ടാഗ് വാക്കുകള്‍ ചേര്‍ത്താല്‍ വിളമ്പാവുന്ന നല്ലൊരു മസാല വാര്‍ത്തയാണ് ഇതെന്ന് മനോരമ തിരിച്ചറിഞ്ഞു. മനോരമ ഈ വാര്‍ത്ത ഉപയോഗിച്ച രീതി പതിവുപോലെ തരം താണത് ആയിപ്പോയി. വിദേശ ഫണ്ട്- സി.പി.ഐ.എം എന്ന സ്ഥിരം ദ്വന്ത്വ സമവാക്യത്തിലാണ് അവരിതിനെ എത്തിച്ചത്. അതിനാല്‍ത്തന്നെ ഈ വാര്‍ത്തയില്‍ മനോരമയും, മറുപടിയില്‍ രാജീവും കാണാതെ പോയ ചിലതുണ്ട്. അത് ഇന്ത്യന്‍ ജനാധിപത്യത്തെ മൊത്തത്തില്‍ ബാധിക്കുന്നത് ആകയാല്‍ അതെപ്പറ്റി ചിലത് ‘പറയാതെ വയ്യ’.

ഫോര്‍ഡ് ഫൌണ്ടേഷന്‍ എന്ന വിദേശ ഫണ്ടിംഗ് ഏജന്‍സി സ്ഥാപിച്ച PRS എന്ന NGO, ലോക്‌സഭാ സ്പീക്കര്‍ അധ്യക്ഷയായ കോണ്‍സ്റ്റിട്യൂഷന്‍ ക്ലബുമായി സഹകരിച്ച് എം.പിമാര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.[1] നിയമങ്ങളുടെ ചുരുക്കം തയ്യാറാക്കി അയക്കുക, എം.പി മാര്‍ ആവശ്യപ്പെട്ടാല്‍ നേരിട്ട് കണ്ട് നിയമത്തിലും പുറത്തുമുള്ള വിഷയങ്ങളില്‍ ഉപദേശം നല്‍കുക,  നിയമനിര്‍മ്മാണ സഭകളില്‍ ഉള്ള ബില്ലുകളുടെ ചുരുക്കം തയ്യാറാക്കുക, പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മറ്റികളുടെയും സ്വതന്ത്ര കമ്മീഷനുകളുടെയും റിപ്പോര്‍ട്ടുകളുടെ ചുരുക്കം തയ്യാറാക്കി നല്‍കുക,  രാജ്യത്തെ പ്രധാനപ്പെട്ട നയങ്ങള്‍ സംബന്ധിച്ച കുറിപ്പുകള്‍ നല്‍കുക, തുടങ്ങിയ ജോലികളാണ് SPR ഫെല്ലോകള്‍ എം.പിമാര്‍ക്കായി ചെയ്യുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ വളരെ പ്രസക്തമാണെന്നു തോന്നുന്നു

1.നമ്മുടെ നയരൂപീകരണ, നിയമനിര്‍മ്മാണ പ്രക്രിയയില്‍ ഫോര്‍ഡ് ഫൌണ്ടേഷന്‍ നെപ്പോലെയുള്ള  കുപ്രസിദ്ധി ചരിത്രമുള്ള ഫണ്ടിംഗ് സംഘടനകള്‍ ഇടപെടുന്നത് എത്രത്തോളം ശരിയാണ്?

2.  പ്രതിമാസം ഭീമമായ പണവും എല്ലാ സൗകര്യങ്ങളും വാങ്ങി ജനസേവനത്തിന് ഇറങ്ങുന്ന എം.പി.മാര്‍ നിയമങ്ങളും റിപ്പോര്‍ട്ടുകളും പഠിക്കാന്‍ മിനക്കെടാതെ എന്‍.ജി.ഓ പ്രവര്‍ത്തകര്‍ ചവച്ചു തുപ്പുന്ന കുറിപ്പുകളെ ആശ്രയിച്ചു  മുന്നോട്ടു പോകുന്നത് പാര്‍ലമെന്റ് പ്രവര്‍ത്തനത്തിന് എത്രത്തോളം ആശാസ്യമാണ്?

3. ഇനി അഥവാ എം.പി മാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്ക് സഹായി ആവശ്യമാണെങ്കില്‍ തന്നെ അതിനുള്ള സംവിധാനം പാര്‌ലമെന്റിനോ എം.പി.ക്ക് തന്നെയോ ഒരുക്കാവുന്നതല്ലേ ഉള്ളൂ.. അതിനായി പുറംകരാര്‍ ഫെല്ലോകളെ ആശ്രയിക്കേണ്ട കാര്യമുണ്ടോ?

പി.ആര്‍.എസ് നല്‍കുന്ന 18000 രൂപ പ്രതിമാസം ഫെല്ലോഷിപ്പ് പറ്റി ജനാധിപത്യത്തില്‍ ഗവേഷണം നടത്തുന്ന യുവാക്കള്‍ക്ക് ഫോര്‍ഡ് ഫൌണ്ടേഷന്റെ കൃത്യമായ അജണ്ടകള്‍ നടപ്പാക്കേണ്ടി വരും. അവരത് ഭംഗിയായി ചെയ്യുന്നുമുണ്ടാകും. എന്തായിരിക്കും ഫോര്‍ഡ് ഫൌണ്ടേഷന്റെ അജണ്ട? അമേരിക്കയ്ക്ക് വലിയതോതില്‍ നെല്‍കൃഷിയില്ല.. അരി അവരുടെ പ്രധാന ഭക്ഷണവുമല്ല. എന്നിട്ടും പണ്ട് അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം മനിലയില്‍ തുടങ്ങാന്‍ പണം കൊടുത്ത് ഇന്ത്യയിലെ കൃഷിശാസ്ത്രജ്ഞന്മാരില്‍ നേതൃനിരയില്‍ ഉണ്ടായിരുന്ന സ്വാമിനാഥന്‍ വഴി  ഒരുലക്ഷതില്‍പ്പരം നെല്‍വിത്ത് ശേഖരം മനിലയിലേക്ക് കടത്തുന്നതില്‍ വിജയിച്ച അതെ ഫോര്‍ഡ് ഫൌണ്ടേഷന്‍ ആണ് ഇതിന്റെയും പിന്നില്‍.

ഫോര്‍ഡ് ഫൌണ്ടേഷന്‍ പോലുള്ള അമേരിക്കന്‍ സംഘടകള്‍ അന്താരാഷ്ട്ര തലത്തില്‍ കൊടുത്ത ധനസഹായങ്ങളില്‍ പകുതിയും സി.ഐ.എ എന്ന ചാരസംഘടനയാണ് നല്‍കിയതെന്ന് 1976 ല്‍ അമേരിക്കയില്‍ നടന്ന അന്വേഷണം പറയുന്നു.[2] ആ ബന്ധം ഇപ്പോഴും തുടരുന്നുണ്ടോ എന്നെ അറിയേണ്ടതുള്ളൂ.. രാജ്യങ്ങളെയും വ്യക്തികളെയും പണംകൊടുത്തു വശത്താക്കി തങ്ങളുടെ ആഗോളസാമ്പത്തിക അജണ്ടകള്‍ നടപ്പാക്കുകയെന്ന ദൗത്യമാണ് ചാരിറ്റിയുടെ പേരില്‍ അവര്‍ നടത്തുന്നത്. ആദ്യകാലങ്ങളില്‍ ഇവരുടെ സര്‍ക്കാര്‍തല ഇടപെടല്‍ രഹസ്യമായിരുന്നുവെങ്കില്‍ ഇന്നത് പരസ്യമായി ആണ്.

ഒരു കോടി രൂപയ്ക്ക് ഇന്ത്യന്‍ ജനാധിപത്യം വില്‍പ്പനയ്ക്ക് !!

നിയമം ഉണ്ടാക്കുന്നത് ആരാണ്? പാര്‍ലമെന്റിലെ അംഗങ്ങള്‍ ആണെന്നാണ് വെയ്പ്പ്. അവര്‍ക്ക് ആരാണ് നിയമങ്ങളെപ്പറ്റി വിവരം നല്‍കുന്നത്? എത്ര അംഗങ്ങള്‍ക്കാണ് നിയമങ്ങള്‍ അറിയുക?  എത്ര പേര്‍ക്ക് ഗഹനമായ വിഷയങ്ങളില്‍ പഠിക്കാനുള്ള പ്രാപ്തിയുണ്ട്? എന്തിനേറെ എത്ര എം.പി മാര്‍ക്ക് അക്ഷരാഭ്യാസമുണ്ടാവുമോ ആവോ!! അപ്പോള്‍ ഇവര്‍ക്ക് വേണ്ടി ഈ പണി ഏറ്റെടുക്കാന്‍ ചിലര്‍ മുന്നോട്ടു വരുന്നു. അങ്ങനെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏക NGO യാണ് PRS.

നാട്ടിലെ ഉദ്ഘാടനങ്ങളും സമ്മേളനങ്ങളും കഴിഞ്ഞു ഓരോ പാര്‍ലമെന്റ് സമ്മേളനവും തുടങ്ങുന്നതിനു തൊട്ടുമുന്‍പ് ഡല്‍ഹിയില്‍ പറന്നെത്തുന്ന പല എം.പി മാരും നയച്ചര്‍ച്ചകളില്‍ നെടുനെടുങ്കന്‍ പ്രസംഗങ്ങള്‍ നടത്തുന്നതിന്റെ പിന്നില്‍ PRS ന്റെ ‘കിടാങ്ങ’ളുടെ തലച്ചോറാണ്. PRS ന്റെ ഫെല്ലോഷിപ്പ് വാങ്ങുന്നവര്‍ നല്‍കുന്ന ചുരുക്കെഴുത്തുകള്‍ ആണ് എം.പി മാര്‍ വിലയിരുത്തുന്നതും അതിന്മേല്‍ നയങ്ങള്‍ രൂപീകരിക്കുന്നതും. നിയമനിര്‍മ്മാണം പോലെ ഓരോ വാക്കും സശ്രദ്ധം സസൂക്ഷ്മം സഗൌരവം  ചെയ്യേണ്ട പ്രവര്‍ത്തികളില്‍ നിയമത്തിന്റെ കണ്ണില്‍ ‘പബ്ലിക് അക്കൌണ്ടബിലിറ്റി’  ഇല്ലാത്തവര്‍ നല്‍കുന്ന വിവരങ്ങളെ ആശ്രയിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. അതിനോടൊപ്പം, സംശയാസ്പദമായ ചരിത്രമുള്ളരുടെ കൈകളില്‍ ഈ പണി എത്തുന്നു എന്നത് വീഴ്ചയുടെ ഗൌരവം വര്‍ധിപ്പിക്കുന്നു.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിയമം ഉണ്ടാക്കുന്നവരെ നിയമം പഠിപ്പിക്കുന്നത് അമേരിക്കന്‍ സംഘടനയുടെ ചെലവില്‍ നിയമിക്കപ്പെട്ടവരാണെന്ന വാര്‍ത്ത അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് എത്രമാത്രം അപമാനമാണെന്ന് ഓര്‍ക്കുക.

ലോകസഭയുടെ നിയമനിര്‍മ്മാണ അധികാരങ്ങളില്‍ കൈകടത്തുന്നു എന്നതായിരുന്നു ലോക്പാല്‍ സമരം നടക്കുമ്പോള്‍ ബദല്‍ ബില്ല് മുന്നോട്ടുവെച്ച അണ്ണാ ഹസാരെക്കെതിരായി ഇടതും വലതും പാര്‍ട്ടികള്‍ ഉന്നയിച്ച പ്രധാന ആക്ഷേപം. അങ്ങനെ സംരക്ഷിക്കുന്ന ലോക്‌സഭയുടെ അധികാരങ്ങള്‍ എം.പി മാര്‍ എങ്ങനെയാണ് കാത്തുസൂക്ഷിക്കുന്നത് എന്ന് ഇപ്പോള്‍ മനസിലായല്ലോ. നേരിട്ടല്ലാതെ ഈ ‘ഇടപെടല്‍ സ്വാതന്ത്ര്യം’ ആര്‍ക്കാണ് നല്‍കുന്നതെന്ന് വ്യക്തം.

PRS  ന്റെ ലാമ്പ് ഫെല്ലോഷിപ്പ് ലഭിക്കുന്ന ചെറുപ്പക്കാരാണ് എം.പി മാര്‍ക്ക് വേണ്ടി ഈ പണി ചെയ്യുന്നത്. അവര്‍ക്ക് പ്രതിവര്‍ഷം ഇതിനായി ലഭിക്കുന്ന ഫെല്ലോഷിപ്പ് തുക 2,16,000 രൂപയാണ്. 2010-11 വര്‍ഷത്തില്‍ 12 പേരും 2011-12 വര്‍ഷത്തില്‍ 46 പേരുമാണ് ലാമ്പ് ഫെല്ലോഷിപ്പ് നേടി ഈ ജോലി ചെയ്തത്. ആകെ ഈ വര്‍ഷം PRS ചെലവിട്ട ഫണ്ട് ഒരു കോടിയോളം രൂപയാണ്. ഇത് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള അദമ്യമായ ആഗ്രഹമാണ് എന്ന്  വിശ്വസിക്കാന്‍ സാമാന്യബുദ്ധി അനുവദിക്കുന്നില്ല.

ഓരോ എം.പി ക്കും നാലു പേരെ സഹായത്തിനു നിയമിക്കാന്‍ സര്‍ക്കാര്‍ പണം ചെലവിടുന്നുണ്ട് എന്ന് പി.രാജീവ് തന്നെ ചാനല്‍ ചര്‍ച്ചകളില്‍ പറയുന്നതുകേട്ടു.. ഇത് കൂടാതെ എം.പിമാര്‍ക്ക് ഭീമമായ മറ്റു ഫണ്ടുകളും ഉണ്ട്. ഒരുവര്‍ഷം ഇരുനൂറു കോടിയോളം രൂപയാണ് എം.പിമാരുടെ ശമ്പള അലവന്‍സ് ഇനത്തില്‍ സര്‍ക്കാര്‍ ചെലവിടുന്നത്. ഈ തുകയുടെ കൂടെ ഒരു കോടി രൂപ കൂടി ചെലവിട്ടാല്‍ ഈ മിടുക്കരായ ഗവേഷകരെ ഫെല്ലോഷിപ്പ് നല്‍കി പാര്‍ലമെന്റിന് കീഴില്‍ ഗവേഷകരായി നിയമിക്കാനാകും. എന്നിട്ടാണോ സര്‍ക്കാരും എംപിമാരും ഇപ്പോഴും അറിഞ്ഞുകൊണ്ട് വിദേശപണം വാങ്ങി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ കള്‍ക്ക് മുന്നില്‍ തങ്ങളുടെ ജനാധിപത്യപരമായ കര്‍ത്തവ്യങ്ങള്‍ അടിയറ വെക്കുന്നത്?? അപ്പോള്‍ പ്രശ്‌നം പണമല്ല എന്ന് മനസിലാക്കാം.

പി.രാജീവ് എം.പി ക്ക് ലഭിച്ചത് പോലെ ജോസ് കെ.മാണിക്കും വിദേശഫണ്ട് സംഘടനയുടെ ഗവേഷണസഹായം കിട്ടിയെന്ന സ്ഥിരം ഇടതുവലതു തുല്യതാന്യായം പറഞ്ഞു തടിതപ്പാന്‍ പി.രാജീവിനോ സി.പി.എം  എം.പിമാര്‍ക്കോ ആവില്ല. കാരണം,  അവര്‍ക്കാര്‍ക്കും ഇല്ലാത്ത ചിലതുണ്ട് ഇടതു എം.പി.മാര്‍ക്ക്;  ഇടതുജാഗ്രത, രാഷ്ട്രീയപാഠം. ഓരോ പാര്‍ട്ടി കോണ്‍ഗ്രസിലും അടിത്തട്ടു മുതല്‍ ചര്‍ച്ച ചെയ്തുണ്ടാക്കുന്ന നയരേഖകളും സമീപന രേഖകളും ഈ ജാഗ്രതക്കായി നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

വിദേശഫണ്ട് വാങ്ങുന്ന എന്‍.ജി ഒ കളോടുള്ള സമീപനം എങ്ങനെയാകണമെന്നു അത് കൃത്യമായി പറയുന്നുണ്ട്. ആരാണ് ഫോര്‍ഡ് ഫൌണ്ടേഷന്‍ എന്നും എന്താണ് അവര്‍ ചെയ്തതെന്നുമുള്ള രാഷ്ട്രീയ പാഠം സി.പി.ഐ.എമ്മിനുണ്ട്. അതെല്ലാം മറന്ന് പെരുമാറിയതിനു പക്ഷെ, മനോരമയോടല്ല പാര്‍ട്ടി അണികളോട് മാത്രം രാജീവ് മറുപടി പറഞ്ഞാല്‍ മതിയാകും. എന്നാല്‍ എം.പി.മാരെ, ജനാധിപത്യം മുപ്പതു വെള്ളിക്കാശിനു ഒറ്റിക്കൊടുക്കുന്നതിന് ജനങ്ങളോട് ഇതിനെല്ലാം നിങ്ങള്‍ മറുപടി പറഞ്ഞെ മതിയാകൂ.

http://www.ratical.org/ratville/CAH/FordFandCIA.html

http://www.prsindia.org/aboutus/products-services/

Malayalam news

Kerala news in English

Advertisement