എഡിറ്റര്‍
എഡിറ്റര്‍
‘എനിക്ക് സ്‌കോട്ട്‌ലന്‍ഡ്‌യാഡിലെ പരിശീലനമൊന്നും ലഭിച്ചിട്ടില്ല’ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പി.ടി തോമസിന്റെ വിമര്‍ശനങ്ങളെ പരിഹസിച്ച് പി. രാജീവ്
എഡിറ്റര്‍
Thursday 6th July 2017 8:43am


കൊച്ചി: നടി ആക്രമിക്കപപ്പെട്ട വിവരം അറിയിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് എത്തിയതെന്ന പി.ടി തോമസിന്റെ വിമര്‍ശനങ്ങള്‍ക്ക് പരിഹാസം കലര്‍ന്ന മറുപടിയുമായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. രാജീവ്. നടി ആക്രമിക്കപ്പെട്ടയുടനെ അവിടെ ഓടിയെത്താന്‍ തനിയ്ക്ക് പി.ടി തോമസിനെപ്പോലെ സ്‌കോട്ട്‌ലാന്‍ഡ്‌യാഡിലൊന്നും പരിശീലനം ലഭിച്ചിട്ടില്ലെന്നായിരുന്നു രാജീവിന്റെ പരിഹാസം. പി.ടി തോമസിന്റെ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് മാതൃഭൂമി.കോമിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടി ആക്രമിക്കപ്പെട്ട വിവരം ലാല്‍ രണ്‍ജി പണിക്കരെ വിളിച്ചു പറഞ്ഞെന്നും രണ്‍ജി വിളിച്ചപ്പോള്‍ പി. രാജീവ് സിനിമ കണ്ടിരിക്കുകയാണെന്നു പറഞ്ഞെന്ന പി.ടി തോമസിന്റെ വിമര്‍ശനത്തിനും രാജീവ് പരിഹാസം കലര്‍ന്ന മറുപടിയാണ് നല്‍കിയത്. ‘സംഭവം നടക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ സിനിമ കാണില്ലായിരുന്നു’ എന്നു പറഞ്ഞ അദ്ദേഹം രണ്‍ജി പണിക്കര്‍ വിളച്ചയുടനെ പുറത്തിറങ്ങി ബന്ധപ്പെട്ടവരെ വിവരം അറിയിച്ചെന്നും വ്യക്തമാക്കി.


Also Read:കൊച്ചിയില്‍ ട്രാന്‍സ് യുവതികള്‍ക്കുനേരെ പൊലീസ് അതിക്രമം: 15 പേരെ അറസ്റ്റുചെയ്തു: ഒരാളുടെ തലയ്ക്ക് ഗുരുതരമായ പരുക്ക്


നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞയുടനെ വേണ്ട നടപടികള്‍ കൈക്കൊണ്ടിരുന്നെന്നും രാജീവ് പറഞ്ഞു. വിവരം അറിഞ്ഞപ്പോള്‍ തൃശൂര്‍ ഐ.ജി അജിത് കുമാറിനെ വിളിച്ചു. സംഭവം അവിടെയല്ല എന്ന് മനസിലാക്കിയപ്പോള്‍ ആലുവ റൂറല്‍ എസ്.പിയെയും കമ്മീഷണറെയും വിളിച്ച് കാര്യങ്ങള്‍ തിരക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയേയും വിളിച്ചിരുന്നെന്നു പറഞ്ഞ അദ്ദേഹം വിവരം അറിഞ്ഞയുടന്‍ അവിടെ എത്തുന്നതിനേക്കാള്‍ പ്രധാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയെന്നതാണെന്നും വ്യക്തമാക്കി.

താന്‍ വിളിച്ചപ്പോഴാണ് ആലുവ റൂറല്‍ എസ്.പി സംഭവം അറിഞ്ഞത്. പി.ടി തോമസ് സ്ഥലത്ത് എത്തുന്നതിനു മുമ്പു തന്നെ പൊലീസ് ലാലിന്റെ വീട്ടില്‍ എത്തിയിരുന്നെന്നും രാജീവ് പറഞ്ഞു.

Advertisement