Administrator
Administrator
ആകാശത്തിലെ സ്വതന്ത്രമായ കാഴ്ചകള്‍
Administrator
Friday 15th January 2010 11:30pm

ജീവിതരേഖ/പി എന്‍ ദാസ്
ലയുയര്‍ത്തി ആകാശത്തെ കാണാന്‍ ഭാഗ്യമുള്ള ഒരേയൊരു ജന്തു മനുഷ്യനാണ്. ദിവസത്തില്‍ അഞ്ചു നിമിഷമെങ്കിലും പതിവായി ആകാശത്തെ തുറന്ന ശ്രദ്ധയോടെ നോക്കിയിരുന്നാല്‍ ഒരാളുടെ ഉള്ളില്‍ ഒരല്‍പം കൂടി വിശാലത, തുറന്ന ഇടം വളര്‍ന്നുവരും.

ജയിലിനകത്ത് ഞങ്ങള്‍ക്ക് സായാഹ്നത്തിലെ ആകാശം നഷ്ടമായിരുന്നു. അതുകൊണ്ട് വൈകുന്നേരം ഭക്ഷണം തന്ന് ഇരുമ്പഴിക്കുള്ളില്‍ അടച്ചുപൂട്ടുന്ന സമയമെത്തുമ്പോള്‍ എന്തെന്നില്ലാത്ത, എന്തിനെന്നില്ലാത്ത ഒരു വിഷാദം ഉള്ളില്‍ നിറയുമ്പോള്‍ മുറ്റത്തെ റെയിന്‍ ട്രീയില്‍ വന്നുവീഴുന്ന ചുവന്ന രശ്മികളെ, അത് സഞ്ചരിച്ചുവരുന്ന നീലാകാശത്തെ, ഒരു കുട്ടി, തനിക്ക് നഷ്ടപ്പെടാന്‍ പോകുന്ന പ്രിയപ്പെട്ട ഒന്നിനെ നോക്കുന്നതു പോലെ നോക്കി നില്‍ക്കുമായിരുന്നു. മറ്റേതെങ്കിലും തിരക്കില്‍ ആകാശത്തെ ശ്രദ്ധയോടെ നോക്കിയിട്ടില്ലെങ്കില്‍ , സെല്ലിനകത്തെ് വെച്ച് കമ്പിയഴികളില്‍കൂടി കാണപ്പെടുന്ന ആകാശത്തെ കുറച്ചു നേരം നോക്കുകയും അതിന്റെ എന്തോ ഒന്ന് ഉള്ളിലേക്ക് വരുന്നില്ലല്ലോ എന്ന് വ്യാകുലനാകുകയും ചെയ്തിരുന്നു.

ആകാശത്തിന്റെ നിര്‍മലത പാവനമായതെന്തോ കാണുന്നതിന്റെ നിറവ് പകര്‍ന്നു തരുന്നതായിരുന്നു. ജാലകമില്ലാത്ത, ആകാശം കാണാനാവാത്ത ഒരു തടവുകാരന്‍ തന്റെ അസ്തിത്വത്തിന്റെ അതീതമായ തലം തന്നെയും നഷ്ടമായവനാണ്. ജയിലാശുപത്രിയുടെ ജാലകത്തിലൂടെ കുറച്ച് ദിവസങ്ങള്‍ ആകാശം കണ്ട് കിടന്നത് എന്റെ പനിയെ മാത്രമല്ല, ഉള്ളിലെ വ്യാധിയെയും തണുപ്പിക്കുകയുണ്ടായി. ഇതിന്റെ പ്രശ്‌നം ഉള്ളില്‍ നിന്ന് നീങ്ങിയത് ജയിലിന് പുറത്ത് വന്നതിന് ശേഷമാണ്. കുറച്ച് കാലം പതിവായി വൈകുന്നേരം കടപ്പുറത്ത് ഒറ്റക്ക് പോയിരിക്കുകയും ആകാശത്തെ ഏറെ നേരം നോക്കിയിരിക്കുകയും കിടക്കുകയും ചെയ്യുമായിരുന്നു.

ആകാശത്തെ പോലെ സാന്ത്വനിപ്പിക്കാന്‍ പറ്റുന്ന ഒന്നുമില്ല. കടുത്ത ദുഖമുണ്ടായാല്‍ ആകാശത്തെ നോക്കി കിടന്നാല്‍ മതി. കണ്ണ് തുറന്ന് വെച്ച് ആകാശത്തിന്റെ അനന്തതയിലേക്ക് നോക്കിയിരിക്കുമ്പോള്‍, ആകാശത്തിനപ്പുറമുള്ള ഏഴാകാശങ്ങളെ മനസില്‍ ഒതുങ്ങാത്ത അതിന്റെ അനന്തതയെ, നിശബ്ദതയെ, നിശ്ശൂന്യതയെ ഒഴിഞ്ഞ ഒരു മനസുമായി നോക്കിയിരിക്കുമ്പോള്‍ ആകാശം പകര്‍ന്നു തരുന്ന സ്‌നേഹം, സ്വാന്ത്വനം, സുഖം എത്രയെന്ന് പറയാന്‍ കഴിയില്ല.

ആകാശം വെറും ഒരിടമല്ല. ഒഴിഞ്ഞ് കിടക്കുന്ന, തൊടാനോ സഞ്ചരിക്കാനോ ആവാത്ത ഒരു സ്ഥലമല്ല. സ്വര്‍ഗത്തെയും ഭൂമിയെയും കൂട്ടിയിണക്കുന്ന ഒരു പാലമാകുന്നു. ആകാശത്തെ കാണുക, ആകാശത്തെ അറിയുക, ആകാശത്തെ ഉള്‍ക്കൊള്ളുക, ഒരു യുക്തിയും കൂടാതെ ആകാശത്തെ നോക്കുകയെന്നാല്‍ വീണ്ടും പിറക്കുകയാകുന്നു. പൂര്‍ണതയിലേക്ക്. മനുഷ്യനുണ്ടാക്കിവെച്ച എല്ലാ സുഖങ്ങള്‍ക്കും മനോഹരാരിതകള്‍ക്കും അപ്പുറത്തേക്ക്, അപ്പുറത്തിന്റെ അപ്പുറത്തേക്ക്.

പുഴയിലൊരാള്‍ നഗ്നനായി കിടക്കുമ്പോള്‍ അയാള്‍ ജലത്തിനകത്താണ്. ജലം അയാളിലും. അതുപോലെ ആകാശത്തെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ ആകാശത്തിനകത്താണ്, ആകാശം അയാളിലും. ഇതയാളെ പരിധിയറ്റ ഒരവബോധത്തിലേക്ക് വിമലീകരിക്കുകയാണ്. ഇത്തരമൊരു മനസില്‍ നിന്ന് മനുഷ്യര്‍, സമൂഹം, രാജ്യം, മതം ഉണ്ടാക്കിയ എല്ലാ അതിരുകളും അപ്രത്യക്ഷമാകുന്നു. ചെറുതും വലുതുമായ എല്ലാ വേര്‍തിരിവുകളും മത്സരങ്ങളും സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലുകളും ഇല്ലാതാവുന്നു. ഒരു പുതിയ മനസ്സ്, പുതിയ മനുഷ്യന്‍ പിറക്കുന്നു. പുതിയൊരു സംഗീതം പുതിയൊരാകാശം പുതിയൊരു ഭൂമി.

സൂഫിസം യഥാര്‍ഥത്തില്‍ ഇത്തരം ഒരു അകാശോപാസനയാണ്. ഫരീദുദ്ദീന്‍ അത്താര്‍ പക്ഷി സംവാദമെഴുതിയത്. അത്തരമൊരു വിമലാവസ്ഥയിലായിരുന്നു. മസ്‌നവിയില്‍ ആകാശചാരിയായ പക്ഷിയെയാണ് ദിവ്യതയെ അനാവരണം ചെയ്യാനുള്ള മാധ്യമമായി ജലാലുദ്ദീന്‍ റൂമി സ്വീകരിച്ചത്. മണ്ണില്‍ കാലുവെച്ച് കൊണ്ട്് ആകാശത്തെ, ദിവ്യതയെ ജീവിതത്തിന്റെ ഭാഗമായറിയുന്ന സൂഫീ പാത മനുഷ്യന്റെയുള്ളിലെ മതവിരുദ്ധമായ എല്ലാ തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും അതുണ്ടാക്കുന്ന ഹിംസക്കും ഒരു പ്രത്യൗഷധമാകുന്നു.

Advertisement