എഡിറ്റര്‍
എഡിറ്റര്‍
പി.മോഹനന്‍ ഭാര്യയുമായി കൂടിക്കാഴ്ച നടത്തിയ സംഭവം: പൊലീസിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
എഡിറ്റര്‍
Wednesday 13th November 2013 7:16am

p.mohanan

കോഴിക്കോട്: ടി. പി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.ഐ.എം നേതാവ്  പി. മോഹനന്‍ ഭാര്യയും എം.എല്‍.എയുമായ കെ.കെ ലതികയുമായി ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴിക്കോട് സിറ്റ് പൊലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാറാണ് അന്വേഷണം നടത്തിയത്.

ചായ വേണമെന്ന് ആവശ്യപ്പെട്ട പി. മോഹനനെ ഹോട്ടലില്‍ കൊണ്ടുപോയതാണ് പ്രധാന വീഴ്ചയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ചെറിയ ദൂരത്തേയ്ക്കുള്ള യാത്രയായതിനാല്‍ ചായ വാങ്ങിക്കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അല്ലെങ്കില്‍ ചായ വാങ്ങി പ്രതിയുള്ളിടത്ത് എത്തിച്ച് നല്‍കിയാല്‍ മതിയായിരുന്നു. അതുമല്ലെങ്കില്‍ തിരികെ ജയിലില്‍ എത്തിയതിന് ശേഷം ദാഹം തീര്‍ത്താല്‍ മതിയായിരുന്നു.

രാവിലെ പത്തരയ്ക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മുമ്പ് തന്നെ പി. മോഹനനും പൊലീസുകാരും  തിരികെ ജയിലില്‍ എത്തിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഭാര്യയുമായി കൂടിക്കാഴ്ച നടത്തുന്നത് തടയാനും പൊലീസുകാര്‍ ശ്രമിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ ഏഴാം തീയതിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തുള്ള ഹോട്ടലില്‍ ഇരുവരും അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത്. റിമാന്‍ഡ് പ്രതിയ്ക്ക് ജയിലില്‍ വെച്ചോ കോടതിയില്‍ വെച്ചോ അല്ലാതെ സന്ദര്‍ശകരെ അനുവദിക്കാന്‍ പാടില്ലെന്നിരിക്കെ നടന്ന ഈ സംഭവം വിവാദമായിരുന്നു.

പി. മോഹനന് അകമ്പടി പോയ മൂന്ന് പൊലീസുകാരെ അന്ന് തന്നെ ഡി.ജി.പി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Advertisement