ന്യൂദല്‍ഹി: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിന്നാലാം പ്രതിയും സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി. മോഹനന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസഹരജി നല്‍കി.

Ads By Google

പി. മോഹനന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസ്സഹരജി നല്‍കിയത്. ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം.

പി. മോഹനന്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ടി.പിയുടെ ഭാര്യ കെ.കെ രമ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

പി.മോഹനന്‍ ജാമ്യത്തിലിറങ്ങിയാല്‍ കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും രമ കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് സര്‍ക്കാരും തടസഹരജിയുമായി രംഗത്തെത്തിയത്.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പി. മോഹനന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസുമാരായ ടി.എസ് താക്കൂര്‍, എസ്.ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് മോഹനന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.