ന്യൂദല്‍ഹി: കുടുംബശ്രീ സമരം പരാജയപ്പെട്ടെന്നും സമരം കൊണ്ട് ഒന്നും നേടിയിട്ടില്ലെന്നുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി പറഞ്ഞു.

Ads By Google

കുടുംബശ്രീയെ നോക്കുകുത്തിയാക്കരുതെന്നായിരുന്നു ചര്‍ച്ചയില്‍ ഞങ്ങള്‍ ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടതാണ്. എന്നിട്ടും സമരം പരാജയപ്പെട്ടുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

Subscribe Us:

ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി എം.കെ.മുനീറിനും ഇത് അപമാനകരമാണ്. മുഖ്യമന്ത്രി തന്നെയാണ് ചര്‍ച്ചയ്ക്ക് മുന്‍ കൈയെടുക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രി പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റേതായ ഗൗരവം കൈവന്നേനെയെന്നും പി.കെ.ശ്രീമതി പറഞ്ഞു.

സമരം പരാജയപ്പെട്ടെന്ന ആരോപണം ഉന്നയിക്കാന്‍ വേണ്ടിയാണോ അദ്ദേഹം ചര്‍ച്ചയില്‍ നിന്നു വിട്ടുനിന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പ്രസ്താവന കേരളത്തിലെ സ്ത്രീ സമൂഹത്തോടുള്ള അവഗണനയാണ്.

മഹിളാ അസോസിയേഷനാണ് സമരത്തിന് പിറകിലെന്ന ആരോപണത്തില്‍ കഴമ്പില്ല. കുടുംബശ്രീയെയും കുടുംബശ്രീ നടത്തുന്ന സമരത്തെയും രാഷ്ട്രീയവല്‍കരിക്കാനാണെങ്കില്‍ സി.പി.ഐ.എമ്മിനും ജനാധിപത്യ മഹിളാ അസോസിയേഷനും പതിനാല് വര്‍ഷം കാത്തിരിക്കേണ്ടിയിരുന്നുവോയെന്നും ശ്രീമതി ചോദിച്ചു.