കോഴിക്കോട്: സംഗീതാചാര്യന്‍ പി.കെ ശങ്കരനാരായണന്റെ സപ്തതി ആഘോഷങ്ങള്‍ക്ക് സംഗീത സദ്യയുടെ മികവ്. ആഘോഷ പരിപാടികള്‍ നടന്ന ബ്രഹ്മ സമൂഹം ഹാളില്‍ ആചാര്യന്റെ സംഗീത വിരുന്നും, ശിഷ്യഗണങ്ങളുടെ ഒത്തുചേരലും കൂടിയായപ്പോള്‍ നവ്യാനുഭവമായി.

കഴിവ് തെളിയിച്ച സംഗീതാധ്യാപകനും, സംഗീത സംവിധായകനുമായ ശങ്കരനാരായണന് പൊതുശ്രദ്ധ നേടാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും അദ്ദേഹവുമായി ഇടപഴകിയിട്ടുള്ളവര്‍ക്കെല്ലാം ആ കഴിവ് അനുഭവിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്.

1941ല്‍ ഒരു സംഗീത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അമ്മയില്‍ നിന്നും സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ച അദ്ദേഹം, കരമന ശ്രീവാസ അയ്യര്‍, വിശ്വനാഥന്‍ അയ്യര്‍, രാമനാഥപുരം ശ്രീ വെങ്കിടാചലം, ജി.എസ് ശ്രീകൃഷ്ണന്‍, പ്രമുഖ സംഗീത സംവിധായകനായ കെ. രാഘവന്‍ മാസ്റ്റര്‍ എന്നിവരുടെ ശിഷ്യനായിരുന്നു.

ഇന്ത്യന്‍ സംഗീതത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു. കര്‍ണാടക സംഗീതത്തിലും, ഹിന്ദുസ്ഥാനി സംഗീതത്തിലും, ഭക്തി സംഗീതത്തിലും, നാടന്‍ പാട്ടുകളിലും ഹിന്ദുസ്ഥാനി ഭജനകളിലും, ഗസലുകളിലുമെല്ലാം അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.

അത്ര സാധാരണമല്ലാത്ത രാഗങ്ങള്‍ തന്റെ രചനകളില്‍ ഉള്‍പ്പെടുത്തി അദ്ദേഹം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായി. ‘ചാന്ദിനി രാത് ഹെ’ എന്ന അദ്ദേഹത്തിന്റെ ഗസല്‍ സംഗീതാസ്വാദകരുടെ മനസില്‍ എന്നും തങ്ങിനില്‍ക്കുന്നതാണ്.

നിരവധി നാടകങ്ങള്‍ക്ക് അദ്ദേഹം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി നല്‍കിയിട്ടുണ്ട്. പ്രമുഖ ആല്‍ബങ്ങളായ ‘ഭഗവതി കടാക്ഷം’, ‘ശരണം ശരണം ഭഗവാനേ’ തുടങ്ങിയവ അദ്ദേഹത്തിന്റെ കഴിവില്‍ വിരിഞ്ഞതാണ്.