എഡിറ്റര്‍
എഡിറ്റര്‍
വിപ്ലവ വീര്യം ചോരാത്ത ഈണവുമായി ‘വസന്തത്തിന്റെ കനല്‍വഴികളില്‍’ പി.കെ മേദിനി
എഡിറ്റര്‍
Monday 17th March 2014 5:40pm

P.K-medini

പി.കെ മേദിനിയുടെ പാട്ടുകള്‍ക്ക് അന്നും ഇന്നും യുവത്വമാണ്. കാലവും പരിസ്ഥിതിയും മാറിയെങ്കിലും വിപ്ലവത്തിന്റെ വഴികള്‍ക്ക് മാറ്റം വന്നില്ലെന്ന് തന്റെ സുദൃഢമായ സംഗീതത്തിലൂടെ മേദിനി ഓര്‍മ്മിപ്പിക്കുന്നു.

പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് പി.കൃഷ്ണപിള്ളയുടെ ജീവിതം ആസ്പദമാക്കിയെടുത്ത വസന്തത്തിന്റെ കനല്‍വഴികള്‍ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മേദിനിയുടെ ഉറച്ച ശബ്ദം ഉയര്‍ന്നിരിക്കുന്നത്. കത്തുന്ന വേനലിലൂടെ…. എന്നു തുടങ്ങുന്ന ഗാനം ചിത്രം റിലീസ് ആയി നാലു ദിവസം പിന്നിടുമ്പോള്‍ തന്നെ വലിയ പ്രേക്ഷക ശ്രദ്ധയാണ് പിടിച്ചു പറ്റിയിരിക്കുന്നത്.

സംഗീതത്തിന് സ്വരശുദ്ധിയും ആര്‍ദ്രമായ ഭാവവും വേണമെന്ന സ്ഥാപിത കാഴ്ചപ്പാടിനു പുറത്തു നിന്നു കൊണ്ടാണ് മേദിനി എക്കാലവും പാടിയത്. കമ്മ്യൂണിസം കേരളത്തില്‍ പടര്‍ന്നു പിടിച്ച കാലങ്ങളില്‍ പ്രസംഗ വേദികളില്‍ മേദിനിയുടെ പാട്ടുകള്‍ പാര്‍ട്ടി അണികളെ ഊറ്റം കൊള്ളിച്ചു. ഇന്ന് വീണ്ടും അതേ വീര്യത്തോടെ മേദിനി പാടുകയാണ്, മലയാള സിനിമാ പ്രേക്ഷകരെ ഊറ്റം കൊള്ളിക്കാന്‍.

അനില്‍.വി.നാഗേന്ദ്രനാണ് വസന്തത്തിന്റെ കനല്‍വഴികളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ മേദിനി പാടിയഭിനിയിച്ചിരിക്കുകയാണ് എന്ന പ്രത്യേകതയുമുണ്ട്. പാട്ടിന് സംഗീതം പകര്‍ന്നതും പാടിയതും മേദിനി തന്നെ. വരികള്‍ അനില്‍.വി.നാഗേന്ദ്രന്റെതാണ്.

ആലപ്പുഴക്കാരിയായ മേദിനി വളരെ ചെറുപ്പത്തില്‍ തന്നെ പാട്ടുകള്‍ പാടാന്‍ തുടങ്ങിയിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാനാവാതെ വീട്ടില്‍ തന്നെ കഴിച്ചു കൂട്ടുന്ന കാലത്താണ് സഹോദരന്മാര്‍ക്കൊപ്പം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്.

ആ കാലഘട്ടത്തിന്റെ കഥയാണ് വസന്തത്തിന്റെ കനല്‍വഴികള്‍ പറയുന്നതും. 81കാരിയായ മേദിനിക്ക് ഇതൊരു തിരിച്ചതു പോക്കായിരിക്കും. വിപ്ലവത്തിന്റെ കനല്‍ വഴികളിലൂടെ വസന്തത്തെ കുറിച്ച് പാടിയ ഒരു കാലത്തിലേക്കുള്ള മടക്കയാത്ര.

Advertisement