എഡിറ്റര്‍
എഡിറ്റര്‍
കുഞ്ഞാലിക്കുട്ടിയുടെ വി.എസ് ‘ഭക്തി’
എഡിറ്റര്‍
Tuesday 25th March 2014 12:43pm

പത്രക്കാരന്‍ ചോദിച്ചപോലെ യഥാര്‍ത്ഥത്തില്‍ കുഞ്ഞാലിക്കുട്ടി വി.എസിനെ ഭയക്കുന്നുവെന്നര്‍ത്ഥം. ബദ്ധ ശത്രുവിനെതിരെ ഒരു ആരോപണം പോലും ഉന്നയിക്കാനാവാതെ നിസ്സഹായനായ ഒരു രാഷ്ട്രീയ നേതാവ് വേറെ എവിടെയുണ്ടാവും.


kunhalikutty-vs

line

സീറോ അവര്‍ / മന്‍ഷി

line

സ്ഥലം കോഴിക്കോട് പ്രസ്‌ക്ലബ്ബ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ദില്ലി ചലോ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് മുസ്‌ലിം ലീഗ് അഖിലേന്ത്യ ട്രഷററും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി എത്തിയത്. അധ്യക്ഷനായ പ്രസ്‌ക്ലബ്ബ് ഭാരവാഹി അദ്ദേഹത്തെ വിശേഷിപ്പിച്ചത് കേരള രാഷ്ട്രീയത്തിലെ കിങ് മേക്കറെന്നാണ്. ഇനി പറയാന്‍ പോകുന്നത് ഈ കിങ് മേക്കറുടെ നിസ്സഹായമായ നിലവിളിയാണ്.

പ്രസ്‌ക്ലബ്ബിലെ പത്ര സമ്മേളന വേദിയിലെ സീറ്റില്‍ അമര്‍ന്നിരുന്ന ശേഷം കുഞ്ഞാലിക്കുട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പലെ യു.ഡി.എഫ് സാധ്യതകളെക്കുറിച്ച് കുറഞ്ഞ വാക്കുകളില്‍ പറഞ്ഞു നിര്‍ത്തി. ഇനി ചോദ്യങ്ങള്‍ക്കുള്ള അവസരമാണ്.

ഇ അഹമ്മദിന് സീറ്റ് നിഷേധിക്കാനുണ്ടായ നീക്കത്തെക്കുറിച്ചും യു.ഡി.എഫ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുമെല്ലാം ചോദിച്ചു. എല്ലാത്തിനും കുഞ്ഞാപ്പ സ്‌റ്റൈല്‍ മറുപടി. അപ്പോഴതാ വരുന്നു മറ്റൊരു ചോദ്യം.

ചോദ്യം ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വി.എസ് നിലപാട് മാറ്റിയതിനെക്കുറിച്ച് എങ്ങിനെ പ്രതികരിക്കുന്നു.
സാധാരണ സി.പി.ഐ.എമ്മിനെ അടിക്കാനുള്ള വടികിട്ടിയ സാഹചര്യത്തില്‍ ഉത്തരം പറയാന്‍ ആവേശം കാണിക്കേണ്ടതാണ്. ആവേശം ഇല്ലെന്ന് മാത്രമല്ല. കുഞ്ഞാപ്പ ഒന്ന് പരുങ്ങുകയും ചെയ്തു.

അങ്ങിനെ ചോദിച്ച് എന്നില്‍ നിന്നും എന്തെങ്കിലും ഉത്തരം പറയിപ്പിക്കേണ്ട. ഞാന്‍ വി.എസിനെതിരെ പറഞ്ഞ് ചര്‍ച്ച വഴിതിരിച്ച് വിടാന്‍ ഉദ്ദേശിക്കുന്നില്ല.

പിന്നെ ഉത്തരം വന്നു…ഏയ് അതെല്ലാം സി.പി.ഐ.എമ്മിന്റെ അഭ്യന്തര കാര്യമാണ്. അതിന് ഞാന്‍ എന്തെങ്കിലും പ്രതികരിക്കണമെന്ന് തോന്നുന്നില്ല.

അല്ല സാഹിബേ… വി.എസ് പണ്ട് പറഞ്ഞതൊന്നുമല്ല ഇപ്പോള്‍ പറയുന്നത്. വി.എസ് പിണറായിക്ക് കീഴടങ്ങിയോ…
ഉത്തരം ഞാന്‍ പറഞ്ഞില്ലേ…. ഇതെല്ലാം അവരുടെ ആഭ്യന്തര കാര്യമാണ്. ഞാന്‍ എന്തിന് പ്രതികരിക്കണം.

ചോദ്യം… സി.പി.ഐ.എമ്മുമായി കുഞ്ഞാപ്പ എന്തെങ്കിലും ധാരണയുണ്ടാക്കിയോ… അവര്‍ക്കെതിരെ ഒന്നും പറയുന്നില്ല..
ഉത്തരം… ആരു പറഞ്ഞു. ഞങ്ങള്‍സി.പി.ഐ.എമ്മിനെ ശക്തമായി എതിര്‍ത്തു പോരുന്നുണ്ട്. ഞാന്‍ ആദ്യമേ യു.ഡി.എഫിന്റെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞു. അക്രമ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞു. ഇതെല്ലാം സി.പി.ഐ.എമ്മിന് അംഗീകരിക്കാനാവുന്ന കാര്യമാണോ..

ചോദ്യം.. അപ്പോപ്പിനെന വി.എസിനെയാണോ പേടി…
ഉത്തരം… അങ്ങിനെ ചോദിച്ച് എന്നില്‍ നിന്നും എന്തെങ്കിലും ഉത്തരം പറയിപ്പിക്കേണ്ട. ഞാന്‍ വി.എസിനെതിരെ പറഞ്ഞ് ചര്‍ച്ച വഴിതിരിച്ച് വിടാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങിനെ നിങ്ങള്‍ മെനക്കെടേണ്ട. ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അപ്പുറത്ത് നിന്ന് മറുപടി വരും. പിന്നെ ചര്‍ച്ചയൊക്കെ ആ വഴിക്കാവും. വികസനമൊന്നും പിന്നെ ചര്‍ച്ചയാവില്ല. അതിന് എന്നെക്കിട്ടില്ല. കുഞ്ഞാപ്പ പറഞ്ഞു നിര്‍ത്തിയപ്പോള്‍പ്പിന്നെ കാര്യത്തിന്റെ കിടപ്പുവശം പിടികിട്ടി. മാധ്യമങ്ങളുടെ ചോദ്യവും നിന്നു.

പിറ്റേ ദിവസം ആദര്‍ശക്കുപ്പായമണിഞ്ഞ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ ഇതേ സീറ്റില്‍.

ചോദ്യം… വി.എസിന്റെ നിലപാട് മാറ്റം സി.പി.ഐ.എമ്മിന്റെ ആഭ്യന്തര കാര്യമാണെന്നാണ് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞത്. കോണ്‍ഗ്രസ്സിന്റെ നിലപാടെന്താണ്.

ഉത്തരം… അങ്ങിനെ പറഞ്ഞോ…. എനിക്കറിയില്ല… നോക്കണം… എങ്കിലും നിങ്ങള് പറഞ്ഞത് വിശ്വസിച്ച് പറയുവാ… ഇത് സി.പി.ഐ.എമ്മിന്റെ ആഭ്യന്തര കാര്യമാണോ… ഒരിക്കലുമല്ല…. അത് സി.പി.ഐ.എമ്മുകാര്‍ മാത്രമേ പറയൂ.

VM-sudheeranകേരളത്തിലെ പൊതു സമൂഹത്തിന്റെ വികാരമാണ് അന്ന് വി.എസ് ഉന്നയിച്ചത്. അദ്ദേഹം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കിയില്ലേ… അത് ആഭ്യന്തര കാര്യമായതിനാലാണോ… സ്ഥാനമുറപ്പിക്കാനായിരിക്കും വി.എസ് നിലപാട് മറ്റിയത്. സുധീരന്‍ പറഞ്ഞുനിര്‍ത്തി.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ഓര്‍മ്മകള്‍ കുഞ്ഞാലിക്കുട്ടിയെ വല്ലാതെ വേട്ടയാടുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മറുപടികള്‍ വ്യക്തമാക്കുന്നുണ്ട്. ഐസ്‌ക്രീം കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ എല്ലാക്കാലത്തും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാറുള്ളതാണ്.

കുഞ്ഞാലിക്കുട്ടിയുടെ ഭാഗ്യത്തിന് ഇത്തവണ ഇതുവരെ അതിനുള്ള അവസരമൊന്നും ഒത്തുവന്നിട്ടില്ല. അപ്പോപ്പിന്നെ വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത് തോളത്തിടണോ…

ഞാനൊന്ന് പറഞ്ഞാ… വി.എസ് രണ്ട് പറയും. ചെളി തെറിക്കുക തന്റെ കുപ്പായത്തിലാണെന്ന് കുഞ്ഞാപ്പക്ക് നല്ല ബോധ്യമുണ്ട്. ഈ ഉത്തമ ബോധ്യമാണ് കുഞ്ഞാലിക്കുട്ടിയെ ഇത്ര പക്വമതിയാക്കിയത്.

പത്രക്കാരന്‍ ചോദിച്ചപോലെ യഥാര്‍ത്ഥത്തില്‍ കുഞ്ഞാലിക്കുട്ടി വി.എസിനെ ഭയക്കുന്നുവെന്നര്‍ത്ഥം. ബദ്ധ ശത്രുവിനെതിരെ ഒരു ആരോപണം പോലും ഉന്നയിക്കാനാവാതെ നിസ്സഹായനായ ഒരു രാഷ്ട്രീയ നേതാവ് വേറെ എവിടെയുണ്ടാവും.

Advertisement